market
തിരക്കില്ലാതെ ആലുവ പച്ചക്കറി മാർക്കറ്റ്

ആലുവ: ഓണത്തലേന്ന് അനുഭവപ്പെടുന്ന പതിവ് തിരക്കുകളൊന്നുമില്ലാതെ ശാന്തമായി ആലുവ നഗരം. ഉത്രാട പാച്ചിലിന് ഉണ്ടാകുന്ന ആൾകൂട്ടം എങ്ങുംകാണാൻ കഴിഞ്ഞില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ വ്യാപാരികൾ തയ്യാറായിട്ടും അവശ്യ സാധനങ്ങൾ വാങ്ങാൻ പോലും ആളുകളുടെ വരവ് ഉണ്ടായില്ല.

2018ലെ പ്രളയത്തിന് ശേഷമെത്തിയ ഓണത്തിന് നേരിട്ടതിനേക്കാൾ വലിയ നഷ്ടമാണ് കൊവിഡ് കാലത്തെ ഓണത്തിന് വ്യാപാരികൾക്ക് ഈ ഓണകാലത്ത് ഉണ്ടായത്. ഓണകാലത്തെ കച്ചവടം പ്രതീക്ഷിച്ചിരുന്ന ആലുവ മാർക്കറ്റിൽ ഉത്രാട നാളിൽ എത്തിയത് വളരെ കുറച്ച് ആളുകൾ മാത്രം. കൂടുതൽ കച്ചവടങ്ങൾ നടന്നിരുന്ന റെയിൽവേ സ്റ്റേഷൻ, മാർക്കറ്റ് റോഡ്, ബാങ്ക് ജങ്ഷൻ എന്നീയിടങ്ങളും കാലിയായി കിടന്നു. ജൂലൈ മാസത്തിൽ കർഫ്യൂ പ്രഖ്യാപിച്ച ശേഷം അടഞ്ഞു കിടന്ന ആലുവ മാർക്കറ്റ് അടുത്തിടെയാണ് കടുത്ത നിബന്ധനകളോടെ തുറന്നത്. ആദ്യം മൊത്ത വ്യാപാരത്തിനായി പകൽ സമയം മാത്രമാണ് അനുവദിച്ചിരുന്നത്. പിന്നീട് ചില്ലറ വിൽപ്പനയ്ക്ക് കൂടി വൈകുന്നേരം വരെ സമയം നൽകി.

ആരുമെത്താതിനാൽ മൊത്ത വ്യാപാരം കഴിഞ്ഞാൽ ഉച്ചയോടെ കടയടച്ച് വീട്ടിൽ പോവുകയായിരുന്നു വ്യാപാരികൾ ചെയ്തിരുന്നത്. ഓണക്കാല കച്ചവടമായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ ദേശീയപാത സർവ്വീസ് റോഡിൽ നിന്ന് മാർക്കറ്റിലേയ്ക്കുള്ള പ്രവേശനം ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് ആരുമെത്താതായതെന്ന് വ്യാപാരികൾ പറഞ്ഞു. ഉത്രാട കച്ചവടം പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാവില്ലെന്ന് ഉറപ്പായതോടെ ഭൂരിഭാഗം വ്യാപാരികളും നേരത്തെ തന്നെ കടകടച്ചു.