മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്തിലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മൂവാറ്റുപുഴ താലൂക്ക് ഓഫീസിൽ സർവകഷി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പായിപ്രയിലെ സ്വകാര്യ കമ്പനിയിലേതുൾപ്പടെ 60 പേർക്ക് രോഗ ലക്ഷണങ്ങൾ ഉള്ളതായി കണ്ടെത്തി. അന്യ സംസ്ഥാന തൊഴിലാലികളിലാണ് രോഗ വ്യാപനം രൂക്ഷമാകുന്നത്. സ്വകാര്യ കമ്പനിയിലെ തൊഴിലാളികൾ ഭൂരിപക്ഷവും അന്യ സംസ്ഥാന തൊഴിലാലികളാണ് . ഇൗ അവസ്ഥയിൽ 7 ദിവസക്കാലം കമ്പനി അടച്ചിടുവാൻ യോഗം തീരുമാനിച്ചു. കണ്ടെയ്മെന്റ് സോണിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കുവാനും തീരുമാനമെടുത്തു. 60 പേരിൽ 47 പേർ രോഗം ഉള്ളവരും ബാക്കിയുള്ളവർ രോഗലക്ഷണമുള്ളവരുമാണ്. എസ്റ്റേറ്റ് പടി മുതൽ സ്വകാര്യ കമ്പനി പരിസരംവും ഇലാഹിയ കോളേജ് ഹൂദ മസ്ജിദ് പരിസരവും പന്ത്രണ്ട് -പതിമൂന്ന് വാർഡുകളിലെ പേഴയ്ക്കാപ്പിള്ളി-പ്രിയദർശിനി റോഡ് മുതൽ ഹൈ സ്കൂൾ പഞ്ചായത്ത് റോഡ് വരെയുള്ള ഭാഗമാണ് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്. സർവകക്ഷിയോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. എൽദോ എബ്രഹാം എം.എൽ.എ, തഹസിൽദാർ സതീശൻ കെ.എസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹിം, വിവിധ കക്ഷി നേതാക്കളായ ആർ.സുകുമാരൻ, കെ.കെ. ഉമ്മർ, കെ.കെ.ശ്രീകാന്ത്, മർച്ചന്റ് അസോസിയേഷൻ പ്രതിനിധി പി.എ.കബീർ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.എച്ച്. ഷഫീഖ്, ബ്ലോക്ക് പ‌ഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ , പഞ്ചായത്ത് മെമ്പർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.