homeopathy

പത്തനംതിട്ട : ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തുകളും നഗരസഭകളും ചേർന്ന് നടത്തുന്നത് അല്ലാത്ത എല്ലാ മരുന്ന് വിതരണവും അനധികൃതം ആണെന്ന് ജില്ലാമെഡിക്കൽ ഓഫീസർ (ഹോമിയോപ്പതി) ഡോ.ഡി. ബിജുകുമാർ അറിയിച്ചു. ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്നായ ആഴ്‌സ്‌നിക് ആൽബ് വാങ്ങുന്നതിന് വലിയ തോതിൽ തിരക്ക് അനുഭവപ്പെട്ടതോടെ പല തരത്തിലുള്ള വ്യാജ മരുന്ന് വിതരണം നടക്കുന്നതായി ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സർക്കാർ ഹോമിയോ ആശുപത്രികളിലൂടെയും അതത് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും മുഖേനയും ഹോമിയോപ്പതി വകുപ്പ് സ്ട്രിപ്പ് ഗുളിക മാത്രമാണ് ഔദ്യോഗികമായി വിതരണം ചെയ്യുന്നത്. ഒരു ഗുളിക വീതം രാവിലെ മാത്രം തുടർച്ചയായി മൂന്നു ദിവസം എന്നതാണ് ഡോസ്.

സ്വകാര്യ ഡോക്ടർമാരും മെഡിക്കൽ സ്റ്റോറുകളും അവരുടെ സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് സാധാരണ ഹോമിയോ ഗുളികയിൽ ഈ മരുന്ന് നൽകുന്നുണ്ട്. നാലു ഗുളിക വീതം രാവിലെ മൂന്നു ദിവസം എന്നതാണ് അതിന്റെ ഡോസ്. ഇതിൽ നിന്നും വ്യത്യസ്തമായി കുപ്പിയിൽ ഗുളിക രൂപത്തിൽ ചില സംഘടനകൾ വീടുകളിലും വ്യാപാര ശാലകളിലും വ്യാപകമായി മരുന്ന് കൊടുക്കുന്നതായി ശ്രദ്ധയിൽ പെട്ടു. ഇത്തരത്തിലുള്ള മരുന്ന് വിതരണത്തിന് യാതൊരു അനുമതിയും ഇല്ല. ഇങ്ങനെ വ്യാപകമായി വിതരണം ചെയ്യുന്ന മരുന്നുകൾ ചിലപ്പോൾ അപകടകരമാകാം.
ചില ഹോമിയോപ്പതി മെഡിക്കൽ സ്റ്റോറുകൾ ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്നിന് അമിതമായ വില ഈടാക്കുന്നതായും വിവരമുണ്ട്. അമിത വില വാങ്ങുന്നതായി പരാതി ലഭിച്ചാൽ കർശന നടപടികൾ സ്വീകരിക്കും. പരാതികൾ അറിയിക്കാം ഫോൺ: 9072615303.