തണ്ണിത്തോട്: വടക്കേമണ്ണീറയിൽ പിടിയാനകുട്ടി ചരിഞ്ഞ സംഭവം വൻകുടലിലെ അണുബാധമൂലമെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. നടുവത്തുംമൂഴി റേഞ്ച് ഓഫീസർ എം. അജീഷിന്റെ നേതൃത്വത്തിൽ കോന്നി ഫോറസ്റ്റ് വെറ്റിനറി സർജ്ജൻ ഡോ.ശ്യാം ചന്ദ്രൻ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ചു. വൻകുടലിൽ ഉണ്ടായ അണുബാധയാണ് ആനകുട്ടി ചരിയുവാൻ ഇടയാതെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയാണ് വടക്കേമണ്ണീറ പറപ്പള്ളിക്കുന്നേൽ സജിയുടെ ഉടമസ്ഥതയിലുള്ള വനാതിർത്തിയോടു ചേർന്ന റബർ തോട്ടത്തിലാണ് പിടിയാനകുട്ടിയുടെ ജഡം കണ്ടെത്തിയത്. ആനകുട്ടിക്ക് 15 വയസ് വരുമെന്ന് അധികൃതർ പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം ജഡം മറവ് ചെയ്തു.