കൊടുമൺ : പഞ്ചായത്തിൽ 10, 11, വാർഡുകളിൽ കൂടി കടന്നുപോകുന്ന പൊരിയക്കോട് ഫാക്ടറിപ്പടി റോഡ് കഴിഞ്ഞ ദിവസം ഇടിഞ്ഞുതാണു. റോഡിന്റെ സംരക്ഷണ ഭിത്തി പത്ത് മീറ്ററിലധികം ഇടിഞ്ഞ് വീണിട്ടുണ്ട്. ബാക്കിഭാഗം ഏതു നിമിഷവും ഇടിഞ്ഞു വീഴും. പി.എം. ജി. എസ്.വൈ പദ്ധതി പ്രകാരം ഒന്നേ മുക്കാൽ കോടി രൂപയായിരുന്നു റോഡിന് അനുവദിച്ചിരുന്നത്. പരീക്ഷണാർത്ഥം കെമിക്കൽ ഉപയോഗിച്ചാണ് റോഡ് ടാർ ചെയ്തത്. ഒരു മാസം കഴിഞ്ഞപ്പോൾ റോഡ് മുഴുവൻ തകർന്നു. സംരക്ഷണഭിത്തി യാതൊരു ഉറപ്പും ഇല്ലാതെയാണ് കെട്ടിയിരിക്കുന്നത്. റോഡ് സൈഡിൽ വീടുകളുണ്ട്. സംരക്ഷണഭിത്തി ഇടിഞ്ഞുവീണാൽ വീടുകൾക്ക് കനത്ത നാശനഷ്ടമുണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാർ.