തിരുവനന്തപുരം: വി.എസ്. ശിവകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മണ്ഡലത്തിൽ നടപ്പാക്കുന്ന ഹോമിയോ അറ്റ് ഹോം പദ്ധതിയുടെ രണ്ടാംഘട്ടം നാളെ ആരംഭിക്കും. പകർച്ചവ്യാധി പ്രതിരോധത്തിനായാണ് ഹോമിയോ വകുപ്പിന്റെ ' ഇമ്മ്യൂൺ ബൂസ്റ്റർ ' പദ്ധതിയുമായി സഹകരിച്ച് പദ്ധതി നടത്തുന്നത്. റസിഡന്റ്സ് അസോസിയേഷനുകളും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ ഒന്നരലക്ഷം പ്രതിരോധ ഗുളികകൾ നിയോജക മണ്ഡലത്തിലെ വീടുകളിലെത്തിച്ചിരുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഹോമിയോ പ്രതിരോധ മരുന്നുകൾ വീടുകളിലെത്തിക്കണമെന്ന ആവശ്യം ഉയർന്നതിനെത്തുടർന്നാണ് പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നതെന്ന് ശിവകുമാർ പറഞ്ഞു. മരുന്നുകൾ ആവശ്യമുള്ളവർ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസുമായോ, എം.എൽ.എയുടെ ഓഫീസുമായോ ബന്ധപ്പെടണം. ഫോൺ: 9895398251, 9846867677.