crude

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതി ജൂണിൽ കഴിഞ്ഞ അഞ്ചുവർഷത്തെ താഴ്‌ചയിലേക്ക് കൂപ്പുകുത്തി. ലോക്ക്ഡൗൺ മൂലം രാജ്യത്ത് പെട്രോൾ,​ ഡീസൽ ഉൾപ്പെടെയുള്ള ഇന്ധന ഉപഭോഗം താഴ്‌ന്നതാണ് ഇറക്കുമതി കുറയാൻ കാരണം. 19 ശതമാനം ഇടിവോടെ 13.68 ദശലക്ഷം ടൺ ക്രൂഡോയിലാണ് ജൂണിൽ ഇന്ത്യ വാങ്ങിയത്. 2015 ഫെബ്രുവരിക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വാങ്ങലാണിതെന്ന് കേന്ദ്ര പെട്രോളിയം - പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (പി.പി.എ.സി)​ വ്യക്തമാക്കി.

ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡോയിൽ ഇറക്കുമതി രാജ്യമായ ഇന്ത്യയിൽ പെട്രോളിയം ഉത്‌പന്നങ്ങളുടെ ഡിമാൻഡിൽ ജൂണിലുണ്ടായ ഇടിവ് 7.8 ശതമാനമാണ്. ഇന്ത്യയിൽ നിന്നുള്ള പെട്രോളിയം ഉത്‌പന്ന കയറ്റുമതി ജൂണിൽ ആറു ശതമാനം നഷ്‌ടവും നേരിട്ടു. 2019 ഏപ്രിലിന് ശേഷമുള്ള ഏറ്റവും മോശം കണക്കാണിത്. 5.7 ശതമാനം ഇടിവുമായി ഡീസൽ കയറ്റുമതിയാണ് ഏറ്രവുമധികം നഷ്‌ടം കുറിച്ചത്.

85%

ഉപഭോഗത്തിനുള്ള ക്രൂഡോയിലിൽ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ലോകത്ത് ക്രൂഡോയിൽ ഇറക്കുമതിയിൽ മൂന്നാംസ്ഥാനവും ഇന്ത്യയ്ക്കാണ്.

$42.98

ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ബ്രെന്റ് ക്രൂഡാണ് ഇന്ത്യ മുഖ്യമായും വാങ്ങുന്നത്. നിലവിൽ വാങ്ങൽവില ബാരലിന് 42.98 ഡോളറാണ്.