തിരുവനന്തപുരം: നഗരത്തിലെ രണ്ടു വ്യത്യസ്‌ത ഓൺലൈൻ തട്ടിപ്പുകളിലായി കാർഡുടമകൾക്ക് നഷ്ടപ്പെട്ട 93,962 / രൂപ സൈബർ സെൽ വീണ്ടെടുത്തതായി സിറ്റി പൊലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. വഞ്ചിയൂർ പാറ്റൂർ സ്വദേശിയായ യുവതിയാണ് തട്ടിപ്പിനിരയായത്. തട്ടിപ്പ് സംഘം യുവതിക്ക് ' പേടിഎമ്മിൽ ' നിന്നെന്ന തരത്തിൽ വ്യാജസന്ദേശം അയയ്‌ക്കുകയായിരുന്നു. അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും സർവീസ് തുടരാൻ ഒരു നമ്പർ നൽകി അതിലേയ്ക്ക് വിളിക്കാനും ആവശ്യപ്പെട്ടു. തുടർന്ന് ആ നമ്പരിൽ ബന്ധപ്പെട്ട യുവതി തനിക്ക് പേടിഎം അക്കൗണ്ട് ഇല്ലെന്നും ' ഗൂഗിൾ പേ ' യാണ് ഉപയോഗിക്കുന്നതെന്നും പറഞ്ഞു. എല്ലാ ഓൺലൈൻ യു.പി.ഐ സർവീസുകളും തങ്ങളാണ് ചെയ്യുന്നതെന്ന് യുവതിയെ വിശ്വസിപ്പിച്ച അവർ, ' എനി ഡെസ്‌ക് ' എന്ന ആപ്പിന്റെ ലിങ്ക് നൽകിയിട്ട് അത് ഇൻസ്റ്റാൾ ചെയ്യാൻ നിർദ്ദേശിച്ചു. ഇൻസ്റ്റാൾ ചെയ്‌ത ശേഷം ലഭിച്ച കോഡ് അവർ ആവശ്യപ്പെട്ട പ്രകാരം യുവതി നൽകുകയും ചെയ്‌തു. അതിനുശേഷം അവരോട് അക്കൗണ്ട് നമ്പർ ചെക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്നാണ് 75,000 / രൂപ പിൻവലിച്ച സന്ദേശം ലഭിച്ചത്. ചതി മനസിലാക്കിയ യുവതി സിറ്റി പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി. തുടർന്നാണ് പൊലീസ് ഇടപെട്ട് രൂപ വീണ്ടെടുത്തത്. രണ്ടാമത്തെയാൾ മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലെ കണ്ണമ്മൂല സ്വദേശിയാണ്. ക്രെഡിറ്റ് കാർഡിന്റെ ബോണസ് പോയിന്റ് വീണ്ടെടുക്കുന്നതിനെന്ന് പറഞ്ഞാണ് ഇയാളെ തട്ടിപ്പുകാർ വിളിച്ചത്. ഒ.ടി.പി മനസിലാക്കിയാണ് 32,577/ രൂപ രണ്ട് പ്രാവശ്യമായി തട്ടിയെടുത്തത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്നും ഓൺലൈൻ തട്ടിപ്പിനിരയാകുന്ന നഗരപരിധിയിലുള്ളവർ സിറ്റി സൈബർ സെല്ലിലെ 9497975998 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.