കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധികൾ ശമിച്ചിട്ടില്ലെങ്കിലും ആഭ്യന്തര വാഹന വിപണി കരകയറുന്ന കാഴ്‌ച ജൂലായിൽ കണ്ടു. ജൂണിനെ അപേക്ഷിച്ച് ജൂലായിൽ വില്പന മെച്ചപ്പെടുത്താൻ ഒട്ടുമിക്ക വാഹന നിർമ്മാതാക്കൾക്കും കഴിഞ്ഞിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ 73-ാം പിറന്നാൾ ആഘോഷങ്ങൾക്ക് സാക്ഷിയാകുന്ന ഈ ആഗസ്‌റ്റിൽ, വിപണിയിലേക്ക് വിരുന്നെത്താൻ കാത്തിരിക്കുന്നത് ഒട്ടേറെ പുത്തൻ താരങ്ങളാണ്.
കിയ സോണറ്ര്
ഇക്കഴിഞ്ഞ ഇന്ത്യാ ഓട്ടോ എക്‌സ്‌പോയിലാണ് കോംപാക്‌റ്ര് എസ്.യു.വിയായ സോണറ്രിനെ കൊറിയൻ ബ്രാൻഡായ കിയ പരിചയപ്പെടുത്തിയത്. മാതൃ ബ്രാൻഡായ ഹ്യുണ്ടായിയുടെ വെന്യൂ, മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ, ഫോഡിന്റെ എക്കോസ്‌പോർട്ട് എന്നിവയാണ് സോണറ്രിന്റെ മുഖ്യ എതിരാളികൾ.
കിയ ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ മാത്രം മോഡലാണ് സോണറ്ര്. സെൽറ്രോസ്, കാർണിവൽ എന്നിവ ഇതിനകം തന്നെ വിപണിയിൽ തരംഗമായി. ആന്ധ്രപ്രദേശിലെ അനന്ത്പൂർ പ്ളാന്റിലാണ് മറ്റു രണ്ടു മോഡലുകളെ പോലെ തന്നെ സോണറ്രിന്റെയും അസംബ്ളിംഗ്. 'കസിൻ ബ്രദറായ" വെന്യൂവിലെ അതേ എൻജിനാണ് സോണറ്രിലും തുടിക്കുക. വിലയും മറ്ര് വിശദാംശങ്ങളും ഈമാസത്തെ ലോഞ്ചിംഗ് വേളയിൽ കമ്പനി പുറത്തുവിടും.
ടാറ്റ എച്ച്.ബി.എക്‌സ്
മൈക്രോ എസ്.യു.വി ശ്രേണിയിൽ ടാറ്റ ഈമാസം വിപണിയിലെത്തിക്കുന്ന പുത്തൻ താരമാണ് എച്ച്.ബി.എക്‌സ്. ഓട്ടോ എക്‌സ്‌പോ-2020യിലാണ് ഈ എൻട്രി-ലെവൽ എസ്.യു.വിയെ ടാറ്റ അവതരിപ്പിച്ചത്. ടാറ്റയുടെ നെക്‌സോണിന് താഴെയായാകും എച്ച്.ബി.എക്‌സിന്റെ സ്ഥാനം. മാരുതിയുടെ എസ്-പ്രസോ, മഹീന്ദ്രയുടെ കെ.യു.വി 100, റെനോയുടെ ക്വിഡ് എന്നിവയാണ് പ്രധാന എതിരാളികൾ.
ഹ്യുണ്ടായ് എലൈറ്ര് ഐ20
ഹ്യുണ്ടായിയുടെ ഏറ്രവും ജനപ്രിയമായ മോഡലുകളിലൊന്നാണ് ഐ20. ഒട്ടേറെ വകഭേദങ്ങൾ ഐ20യുടേതായി വിപണിയിലെത്തി. എലൈറ്റ് ഐ20യും വിപണിയിൽ ക്ളിക്കായി. ഈ പ്രീമിയം ഹാച്ച്ബാക്കിന്റെ പുതുതലമുറ പതിപ്പ് ഈമാസം വിരുന്നെത്തും. മാരുതി സുസുക്കി ബലേനോ, ടാറ്റ അൾട്രോസ് എന്നിവയോടാണ് വിപണിയിൽ പോരാട്ടം.
മുൻഗാമിയിൽ നിന്ന് വ്യത്യസ്‌തമായി, തികച്ചും 'ഫ്രഷ് ലുക്ക്" പുതിയ എലൈറ്ര് ഐ20ക്ക് നൽകാൻ ഹ്യുണ്ടായിക്ക് കഴിഞ്ഞിട്ടുണ്ട്. അതാകട്ടെ, കാലികവും സ്‌പോർട്ടീയുമാണ്. കിയയുടെ സോണറ്രിനെ പോലെ, ചേട്ടൻ വെന്യൂവിന്റെ ഹൃദയമാണ് എലൈറ്ര് ഐ20യും കടംകൊള്ളുക.
റെനോ ഡസ്‌റ്റർ
റെനോയ്ക്ക് ഇന്ത്യൻ വിപണിയിൽ ശ്രദ്ധേയസ്ഥാനം നേടിക്കൊടുത്ത മോഡലുകളിൽ മുന്നിലാണ് ഡസ്‌റ്റർ. ഓട്ടോ എക്‌സ്‌പോയിൽ പരിചയപ്പെടുത്തിയ ഡസ്‌റ്റർ ടർബോ പെട്രോൾ പതിപ്പ് ഉടൻ ഉപഭോക്താക്കളിലേക്ക് എത്തും. നിസാന്റെ കിക്ക്‌സിലുള്ള അതേ എൻജിനാണിത്. 154 ബി.എച്ച്.പി കരുത്തും 260 എൻ.എം ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് 1.3 ലിറ്റർ ടർബോ എൻജിൻ. ഏപ്രിലിൽ വിപണിയിൽ എത്തേണ്ടതായിരുന്നു ഈ എസ്.യു.വിയെങ്കിലും ലോക്ക്ഡൗൺ മൂലം നീളുകയായിരുന്നു.
ബി.എം.ഡബ്ള്യു
2 സീരീസ് ഗ്രാൻ കൂപ്പേ
ജർമ്മൻ ആഡംബര ബ്രാൻഡായ ബി.എം.ഡബ്ള്യു 2 സീരീസ് ഗ്രാൻ കൂപ്പേയെ ഈമാസം ഇന്ത്യയിലെത്തിക്കും. 3 സീരീസിന് തൊട്ടുതാഴെയാകും ഈ 'അഫോർഡബിൾ" ലക്ഷ്വറി ശ്രേണിയുടെ സ്ഥാനം. 320ഡി മോഡലിലെ, 2.0 ലിറ്റർ ഡീസൽ എൻജിനാകും ഇതിലുണ്ടാവുക. എന്നാൽ, വില 3 സീരീസിനേക്കാൾ കുറവായിരിക്കും. ഏത് കോണിൽ നിന്ന് നോക്കിയാലും ആരുടെയും മനം കവരുന്ന സൗന്ദര്യമാണ് 2 സീരീസ് ഗ്രാൻ കൂപ്പേയുടെ പ്രധാന ആയുധം.