താനൂർ: വനിതാ മെമ്പറാണെന്ന വ്യാജേന ജില്ലയിലെ വിവിധ പഞ്ചായത്ത് കുടുംബശ്രീ വനിതാ മെമ്പർമാരെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് രൂപികരിച്ച് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോകൾ അയച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. താനൂർ മൂച്ചിക്കൽ സ്വദേശിയായ റിജാസ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പൂക്കോട്ടുംപാടം ഇൻസ്പെക്ടർ പി.വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയതത്. എടക്കര, പോത്തുകല്ല്, കാളികാവ്, താനൂർ, പരപ്പനങ്ങാടി, വേങ്ങര പഞ്ചായത്തുകളിലെ മെമ്പർമാർ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലേക്കാണ് പ്രതി അശ്ശീല വീഡിയോകൾ അയച്ചിരുന്നത്. ഇവരുടെ നമ്പറുകൾ പഞ്ചായത്തിന്റെ വെബ് സൈറ്റിൽ കയറിയാണ് പ്രതി ശേഖരിച്ചത്. പ്രതി രണ്ട് വർഷത്തോളമായി രാജസ്ഥാൻ സ്വദേശിയുടെ പേരിലുള്ള മൊബൈൽ നമ്പറുപയോഗിച്ചാണ് ഇത്തരത്തിലുള്ള കുറ്റകൃത്യം നടത്തിയിരുന്നത്. കൂടാതെ ഫോൺ നമ്പറിൽ നിന്ന് മറ്റാരെയും വിളിക്കാത്തതും പ്രതിയെ പിടികൂടുന്നതിന് പൊലീസിന് പ്രയാസകരമായി.
എടക്കര, പോത്തുകല്ല്, കാളികാവ്, താനൂർ, പരപ്പനങ്ങാടി, വേങ്ങര എന്നീ സ്റ്റേഷനുകളിൽ പ്രതിയെ പിടികൂടുന്നതിനായി പരാതികൾ ലഭിച്ചതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീമിന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ എ.എസ്.പി എം.ഹേമലതയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപികരിച്ചാണ് പ്രതിയെ പിടികൂടിയത്. പൂക്കോട്ടുംപാടം സബ് ഇൻസ്പെക്ടർമാരായ രാജേഷ് അയോടൻ, അബ്ദുൾ കരീം, എ.എസ്.ഐ വി.കെ.പ്രദീപ്, എസ്.സി.പി.ഒ സുനിൽ, സി.പി.ഒ ഇ.ജി പ്രദീപ്, തിരൂർ ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ കെ.പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒസി.വി രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.