labour

ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സമ്പദ്ഞെരുക്കം മൂലം ഇന്ത്യൻ വ്യവസായ-വാണിജ്യലോകത്ത് ശുഭപ്രതീക്ഷാ നിരക്ക് 1991ന് ശേഷമുള്ള ഏറ്റവും കുറഞ്ഞതലത്തിലേക്ക് കൂപ്പുകുത്തി. നടപ്പുനർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 46.4 ശതമാനമായാണ് ബിസിനസ് കോൺഫിഡൻസ് ഇൻഡക്‌സ് (ബി.സി.ഐ) താഴ്‌ന്നതെന്ന് നാഷണൽ കൗൺസിൽ ഒഫ് അപ്ളൈഡ് എക്കണോമിക് റിസർച്ച് (എൻ.സി.എ.ഇ.ആർ) വ്യക്തമാക്കി.

മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 62 ശതമാനവും 2019-20ലെ അവസാനപാദമായ ജനുവരി-മാർച്ചിലേതിനേക്കാൾ 40.1 ശതമാനവും കുറവാണിത്. ഇന്ത്യയുടെ വിവിധ മേഖലകൾ തിരിച്ചുള്ള ബി.സി.ഐ നിരക്കും ഗവേഷണ സ്ഥാപനമായ എൻ.സി.എ.ഇ.ആർ പുറത്തുവിട്ടിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ ബി.സി.ഐ നിരക്ക് 25.1 ശതമാനം മെച്ചപ്പെട്ടപ്പോൾ കിഴക്കൻ സംസ്ഥാനങ്ങളിൽ 89.3 ശതമാനവും പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ 68.1 ശതമാനവും ഇടിഞ്ഞു. 53.9 ശതമാനമാണ് കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യയിലെ ഇടിവ്. അതേസമയം, കൊവിഡും ലോക്ക്ഡൗണും മൂലം മാർച്ചിലെയും ഏപ്രിലിലെയും വിശദാംശങ്ങൾ ശേഖരിക്കാൻ പ്രയാസം നേരിട്ടതിനാൽ, കണക്കുകൾ പൂർണമല്ലെന്നും എൻ.സി.എ.ഇ.ആർ വ്യക്തമാക്കിയിട്ടുണ്ട്.

തൊഴിലില്ലായ്‌മ സമ്മിശ്രം

മെട്രോ നഗരങ്ങളായ ന്യൂഡൽഹി, മുംബയ്, പൂനെ, കൊൽക്കത്ത, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലായി 600 വ്യവസായ-വാണിജ്യ കമ്പനികളിൽ നിന്ന് എൻ.സി.എ.ഇ.ആർ ശേഖരിച്ച വിവരപ്രകാരം, നടപ്പുവർഷം ഏപ്രിൽ-ജൂണിൽ അവിദഗ്ദ്ധ തൊഴിലവസരങ്ങൾ 6.7 ശതമാനം ഇടിഞ്ഞു. അതേസമയം, വിദഗ്ദ്ധ തൊഴിലവസരങ്ങളുടെ നിരക്ക് ജനുവരി-മാർച്ചിലെ 4.3 ശതമാനത്തിൽ നിന്ന് 18.2 ശതമാനമായി ഉയർന്നു.