മതിലകം: വിവാഹ തലേന്നുണ്ടായ നാടകീയ സംഭവങ്ങളെ തുടർന്ന് യുവനേതാവുമായുള്ള വിവാഹത്തിൽ നിന്നും യുവതി പിന്മാറി. വിശ്വാസ വഞ്ചന നടത്തിയെന്നാരോപിച്ച് ജനപ്രതിനിധി കൂടിയായ യുവനേതാവിനെതിരെ യുവതിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി. ജില്ലാ പഞ്ചായത്തംഗം ബി.ജി വിഷ്ണുവിനെതിരെയാണ് മതിലകം പൊലീസിൽ രേഖാമൂലമുള്ള പരാതിയെത്തിയത്.
ആഗസ്റ്റ് ഏഴിനാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനുള്ള മുഴുവൻ ഒരുക്കവും അവസാനഘട്ടത്തിലെത്തി നിൽക്കെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. വിഷ്ണുവുമായി ബന്ധം തെളിവ് സഹിതം ഹാജരാക്കി വിയ്യൂർ സ്റ്റേഷൻ പരിധിയിലുള്ള ഒരു യുവതി അവരുടെ അമ്മയുമൊത്ത് വിവാഹ വീട്ടിലേക്കെത്തി. ഇതോടെ വിവാഹ ബന്ധത്തിൽ നിന്ന് പ്രതിശ്രുത വധു പിന്മാറി. ഇതോടെ സംഘർഷാവസ്ഥയുമുണ്ടായി. സംഘർഷാവസ്ഥയറിഞ്ഞ് സ്ഥലത്തെത്തിയ മതിലകം പൊലീസിന്റെയും പാർട്ടി നേതാക്കളിൽ ചിലരുടെ ഇടപെടലും കാര്യങ്ങൾ ലഘൂകരിച്ചു. എന്നാൽ തങ്ങളോട് കാണിച്ച വിശ്വാസ വഞ്ചനയ്ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ ബന്ധപ്പെട്ടവർ നിശ്ചയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മതിലകം സ്റ്റേഷനിലെ പരാതി. കബളിപ്പിക്കപ്പെട്ടതായി പറയുന്ന യുവതി വിയ്യൂർ സ്റ്റേഷനിലും പരാതി നൽകിയെന്നാണ് റിപ്പോർട്ട്. പാർട്ടിതലത്തിലും വിഷ്ണുവിനെതിരെ നടപടിക്കുള്ള സാദ്ധ്യതയേറി.