ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂലാ...ഹിറ്റ് ഡയലോഗിലൂടെ കേരളക്കരയെ ഒന്നാകെ പ്രചോദിപ്പിച്ച ഫായിസിൽ ഒതുങ്ങുന്നില്ല മലപ്പുറത്തെ പിള്ളേർ. ഇത്തിരി പ്രായത്തിൽ തന്നെ പ്രതിഭാ ലോകത്ത് ഒത്തിരി വളർന്നവർ! ഇത്തരം ഇളംതലമുറയാൽ സമ്പന്നമാവുന്നു മലപ്പുറം. ചുറ്റും പ്രതിസന്ധികളുടെ ഇരുട്ട് പരക്കുമ്പോഴും ഇവർ കൊളുത്തിവച്ച വിളക്കുകളിലാണ് പ്രതീക്ഷ. മലപ്പുറത്തെ ചെറുപ്രായക്കാരുടെ വലിയ വിശേഷങ്ങളിലേക്ക്...
അമേരിക്ക അംഗീകരിച്ച
എഴുത്തുകാരി
മലപ്പുറം ചെറുകോട് സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിനി ലിയ ഷാനവാസ് ലോക്ഡൗൺ വിരസതകൾക്കിടെ എഴുതിയതായിരുന്നു ആ രചനകൾ. അമേരിക്കൻ പ്രസിദ്ധീകരണമായ ദി സൺ പ്രതിഫലമായി നൽകിയത് ഒരു ലക്ഷം രൂപയാണ്. താൻ കണ്ടതും കേട്ടതുമായി കാര്യങ്ങൾ ആസ്പദമാക്കി ഒകെയ്ഡ് എന്ന നോവലെഴുതി. ആദ്യ മൂന്ന് അദ്ധ്യായങ്ങൾ വേർഡ്പാർഡ് എന്ന ആപ്പിൽ പോസ്റ്റ് ചെയ്തതോടെ രണ്ട് അമേരിക്കൻ പ്രസാധകർ ലിയയെ ബന്ധപ്പെട്ടു. പണം തന്നാൽ പ്രസിദ്ധീകരിക്കാമെന്നായിരുന്നു അവരുടെ വാഗ്ദാനം. പണം നൽകി തന്റെ സൃഷ്ടി പ്രസിദ്ധീകരിക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു ലിയ. ഇതിനിടെ ജമ്മുകാശ്മീർ ആസ്ഥാനമായുള്ള ബുക്ക് ലിഫ് പബ്ലിഷിംഗിലെ ജോൺ എസ്ലേ വിളിച്ചു. എഴുത്ത് അദ്ദേഹത്തിന് നന്നേ ഇഷ്ടപ്പെട്ടു. വൺ സ്റ്റോറി, ദി സൺ എന്നീ പ്രസാധക കമ്പനികളുടെ ലിങ്ക് അയച്ചുകൊടുത്തു. ലേഖനമെഴുതി രണ്ട് പ്രസാധക കമ്പനികൾക്കും അയച്ചുകൊടുത്തു. മറുപടിയായി വർക്ക് എന്ന വിഷയത്തിൽ ലേഖനമെഴുതാൻ സൺ ആവശ്യപ്പെട്ടു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളുടെ ജീവിതം തുറന്നുകാട്ടിയ ലിയയുടെ ലേഖനം അവർക്കിഷ്ടപ്പെട്ടു. പിന്നാലെ ഫിയർ, ബോയ്ഫ്രണ്ട് ആന്റ് ഗേൾ ഫ്രണ്ട് എന്നീ പേരിൽ ലേഖനങ്ങളെഴുതാൻ ആവശ്യപ്പെട്ടു. ലേഖനങ്ങൾ സൺ പ്രസിദ്ധീകരിച്ചു. പ്രതിഫലമായി ഒരു ലക്ഷം രൂപയും നൽകി. മഞ്ചേരിയിൽ എൻട്രൻസ് കോച്ചിംഗിന് പോവുന്ന ലിയയ്ക്ക് ആരോഗ്യ മേഖലയിലെ സേവനത്തിനൊപ്പം എഴുത്തിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താത്പര്യം. ലിയ പത്താം ക്ലാസ് വരെ പഠിച്ചത് ജിദ്ദയിലാണ്. ഏത് പ്രതിസന്ധിയിലും നമ്മളെ കാത്ത് അവസരങ്ങൾ കിടക്കുന്നുണ്ടെന്നതാണ് തന്റെ അനുഭവം പഠിപ്പിച്ചതെന്നും ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ലിയ പറയുന്നു. പ്രവാസിയായ എളയോടൻ ഷാനവാസിന്റെയും റജുലയുടെയും മൂന്ന് മക്കളിൽ മൂത്തവളാണ് ലിയ.
ഉമ്മയ്ക്ക് സുഖമില്ല,
ദിയ ടീച്ചറായി
അദ്ധ്യാപികയായ ഉമ്മയ്ക്ക് സുഖമില്ലാതായതോടെ അമ്പലക്കടവ് എ.എം.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ദിയ ഫാത്തിമ അധികമൊന്നും ആലോചിചില്ല. ഉമ്മയെടുക്കേണ്ട ഓൺലൈൻ ക്ലാസിൽ കുരുന്നു ടീച്ചറായി. അതേ സ്കൂളിലെ പ്രീ പ്രൈമറി ടീച്ചറായ ഉമ്മയ്ക്ക് സുഖമില്ലാതായപ്പോൾ ദിയ ക്ലാസെടുത്ത വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. എൽ.കെ.ജി വിദ്യാർത്ഥികൾക്ക് വീട്ടിലെ തക്കാളിയും പയറും ഉപയോഗിച്ച് എണ്ണ സംഖ്യയാണ് ദിയ പഠിപ്പിച്ചത്. അദ്ധ്യാപകരെ പോലും അതിശയിപ്പിക്കുന്ന വിധത്തിൽ മികച്ച രീതിയിൽ ക്ലാസെടുത്ത ദിയയുടെ പ്രകടനം എല്ലാവരെയും അതിശയിപ്പിച്ചു. എൽ.കെ.ജിയുടെ വാട്സ്ആപ് ഓൺലൈൻ ക്ലാസ് ഗ്രൂപ്പിൽ കുരുന്ന് ടീച്ചറുടെ ക്ലാസ് കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രശംസ ഏറ്റുവാങ്ങി. അമ്പലക്കടവ് എ.എം.എൽ.പി സ്കൂളിലെ പ്രീ പ്രൈമറി അദ്ധ്യാപികയായ നുസ്രത്തിന്റെയും ത്വാഹിറിന്റെയും മകളും ഇതേ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയുമാണ് ദിയ.
വല്ലാത്തൊരു
കൗതുകം
പ്ലസ്ടു റിസൽട്ട് പുറത്തുവന്ന് ദിവസങ്ങളിത്രയായിട്ടും ഇരട്ടകളുടെ അപൂർവ വിജയത്തിലെ അതിശയം മാറിയിട്ടില്ല. കോട്ടയ്ക്കൽ സൈത്തൂൻ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളും ഇരട്ട സഹോദരങ്ങളുമായ റെന സക്കീറിനും റിനു സക്കീറിനും ലഭിച്ചത് 1200ൽ 1185 മാർക്ക്. മിക്ക വിഷയങ്ങളിലും രണ്ടാളും നേടിയ മാർക്കും ഒരേ പോലെ. കണക്കിലും മലയാളത്തിലും 200 വീതം നേടി. ഫിസിക്സിൽ 199 മാർക്കും ബയോളജിയിൽ 197 മാർക്കുമാണ് ലഭിച്ചത്. ഇംഗ്ലീഷ്, കെമിസ്ട്രി എന്നിവയിൽ മാത്രം ഇരുവരും തമ്മിൽ ഓരോ മാർക്ക് വ്യത്യാസം. കണക്കാണ് രണ്ടാളുടെയും ഇഷ്ട വിഷയം. വേങ്ങര സ്കൂളിൽ വെവ്വേറെ സീറ്റുകളിലായിരുന്നു ഇരുവരും പരീക്ഷ എഴുതിയത്. എല്ലാം കൊണ്ടും സാമ്യം പുലർത്തുന്ന അപൂർവ പ്രതിഭാസത്തെ 'മോണോ സൈകോടിക് ട്വിൻസ് ' എന്നാണ് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്നതെന്നും ഇവരുടെ വിവരങ്ങൾ ഹൈദരാബാദ് സെന്റർ ഫോർ മോളിക്യുലാർ ബയോളജി, അമേരിക്കൻ സൈക്യാട്രി അസോസിയേഷൻ എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ധ്യാപകർ പറഞ്ഞു.