കൊച്ചി: മഹീന്ദ്രയുടെ ജനപ്രിയ ഓഫ് -റോഡ് എസ്.യു.വിയായ താറിന്റെ 2020 പതിപ്പ് വിപണിയിലെത്തി. ഒക്‌ടോബർ രണ്ടിന് ബുക്കിംഗ് തുടങ്ങും. താറിന്റെ തനത് കാരക്‌ടർ നിലനിറുത്തിക്കൊണ്ടു തന്നെ, പുത്തൻ ചേരുവകളും ചേർത്താണ് പുതിയ പതിപ്പ് നിർമ്മിച്ചിട്ടുള്ളത്. ക്ളാസിക് രൂപകല്‌പനയിൽ കാതലമായ മാറ്റമില്ലെങ്കിലും ആധുനികകാലത്തിന് ഇണങ്ങിയ ഒട്ടേറെ കൂട്ടുകൾ ഇതിൽ കാണാം. ബി.എസ്-6 ചട്ടം പാലിക്കുന്നവയാണ് എൻജിനുകൾ.
അകത്തളം കൂടുതൽ വിശാലമാക്കാനായി 1,820 മുതൽ 1,855 എം.എം വരെയായി കൂട്ടിയിരിക്കുന്നു. 2,540 എം.എമ്മിലേക്ക് വീൽബേസ് കൂട്ടിയതും കാബിനിൽ കൂടുതൽ സ്‌പേസ് നൽകുന്നു; ഇത്, വാഹനത്തിലേക്കുള്ള പ്രവേശനവും നിർഗമനവും ആയാസരഹിതമാക്കുന്നുമുണ്ട്. പുറംമോടിയിലെ ഒരു ശ്രദ്ധേയ ആകർഷണം ചതുരാകൃതിയിൽ മുന്നിലും വൃത്താകൃതിയിൽ പിന്നിലും കാണുന്ന വീൽ ആർച്ചുകളാണ്. എൽ.ഇ.ഡി ഡി.ആർ.എല്ലുകളും ഡ്യുവൽ-ടോൺ ബമ്പർ ശ്രദ്ധേയം.
ആധുനികവും ആഡംബര ഫീൽ നൽകുന്നതും ഉപഭോക്തൃ സൗഹൃദവുമാണ് 'താർ മോടി" നിറയുന്ന അകത്തളം. പുതിയ ഡാഷ് ബോർഡ്, ഏഴിഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ് സംവിധാനം, മൾട്ടി-കളർ ടി.എഫ്.ടി മിഡ് ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ, പുതിയ റൂഫ്-മൗണ്ടഡ് സ്‌പീക്കറുകൾ, കൺട്രോൾ സ്വിച്ചുകളോട് കൂടിയ സ്‌റ്റിയറിംഗ് വീൽ എന്നിവ പുത്തൻ താറിന് 'ഫ്രഷ് ലുക്ക്" സമ്മാനിക്കുന്നു. സ്‌പോർട്ടീയാണ് സീറ്റുകൾ. ഇൻഫോടെയ്‌ൻമെന്റ് സ്‌ക്രീനിൽ വാഹനത്തിന്റെ ഓൺ-റോഡ്, ഓഫ്-റോഡ് ഡ്രൈവ് റിയൽടൈം സ്‌റ്രാറ്റസ് അറിയാനാകുമെന്നത് സവിശേഷതയാണ്.
രണ്ടാംനിരയിലെ സീറ്റുകൾ മടയ്ക്കിവയ്‌ക്കാനാകും. ഡ്രൈവർ സീറ്റ് ക്രമീകരിക്കാം. ഔട്ട്‌സൈഡ് റിയർവ്യൂ മിററുകൾ (ഒ.ആർ.വി.എം) ഇലക്‌ട്രിക്കലായി ക്രമീകരിക്കാനാകുന്നതാണ്. ഡ്രൈവിംഗ് പൊസിഷന് അനുസരിച്ച് സ്‌റ്രിയറിംഗ് വീൽ ഉയർത്തി/താഴ്‌ത്തി അഡ്‌ജസ്‌റ്റ് ചെയ്യാം. ഡോറുകൾ ലോക്ക്/അൺലോക്ക്/സെൻട്രൽ ലോക്ക് ചെയ്യാൻ റിമോട്ട് ഫ്ളിക് കീ ഉപയോഗിക്കാം.
ഓഫ്-റോഡിലെ
രാജാവ്
ഓഫ്-റോഡ് ശ്രേണിയിൽ താറിനെ കവച്ചുവയ്ക്കുന്ന ഇന്ത്യൻ ബ്രാൻഡില്ല. ഏത് ക്ളേശമായ റോഡും കീഴടക്കാൻ മഹീന്ദ്രയുടെ താറിന് കഴിയും. 650 എം.എം വരെയുള്ള വെള്ളക്കെട്ടുകൾ നിഷ്പ്രയാസം താണ്ടാൻ ഈ 6-സീറ്റർ ഓഫ്-റോഡർ മിടുക്കനാണ്. മൂന്നാം തലമുറ ഷാസി ഇതിനൊത്ത പിന്തുണ നൽകുന്നുമുണ്ട്.
ഉഗ്രൻ സുരക്ഷ
ആഗോള ക്രാഷ് സേഫ്‌റ്റി ചട്ടങ്ങൾക്ക് അനുസരിച്ചാണ് പുത്തൻ താറിനെ മഹീന്ദ്ര ഒരുക്കിയിട്ടുള്ളത്. ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ് പാളൽ ഇല്ലാതെയുള്ള മികച്ച ബ്രേക്കിംഗ് ഉറപ്പാക്കുന്നു. ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം (ഇ.എസ്.പി), ഡ്യുവൽ എയർ ബാഗുകൾ, ഹിൽ അസിസ്‌റ്ര്, റിയർ പാർക്കിംഗ് അസിസ്‌റ്ര്, ഐസോഫിക്‌സ് ചൈൽഡ് സീറ്ര് മൗണ്ട് തുടങ്ങിയവയുമുണ്ട്. മികവുറ്റ സസ്‌പെൻഷനുകളും ടയറുകളും ഇവയ്ക്ക് നല്ല പിന്തുണയുമേകുന്നു.
വേരിയന്റുകൾ
6-സീറ്റർ (2+4) അഡ്വഞ്ചർ വേരിയന്റ് (എ.എക്‌സ്), 4-സീറ്റർ (2+2) എ.എക്‌സ് ഓപ്ഷണൽ, ലൈഫ് സ്‌റ്റൈൽ വേരിയന്റുകൾ എന്നിവയാണ് താറിനുള്ളത്. 219 എം.എം ആണ് ഗ്രൗണ്ട് ക്ളിയറൻസ്. 3.9 മീറ്രറാണ് നീളം. ഉയരം 1.9 മീറ്റർ (സോഫ്‌റ്ര് ടോപ്പ്), 1.8 മീറ്റർ (ഹാർഡ് ടോപ്പിനും കൺവെർട്ടിബിൾ ടോപ്പിനും).
പെട്രോൾ എൻജിൻ
എംസ്‌റ്റാലിയൻ 150 ടി.ഡി.ജി.ഐ.
1997 സി.സി
കരുത്ത് 150 പി.എസ്
ടോർക്ക് 300-320 എൻ.എം
ഇന്ധനടാങ്ക് ശേഷി : 57 ലിറ്റർ
ഗിയറുകൾ : 6-സ്‌പീഡ് മാനുവൽ/ഓട്ടോമാറ്റിക്
4WD ഡ്രൈവ് സംവിധാനം
ഡീസൽ എൻജിൻ
എംഹോക്ക് 130
2184 സി.സി
കരുത്ത് 130 പി.എസ്
ടോർക്ക് 300 എൻ.എം
ഇന്ധനടാങ്ക് ശേഷി : 57 ലിറ്റർ
ഗിയറുകൾ : 6-സ്‌പീഡ് മാനുവൽ/ഓട്ടോമാറ്റിക്
4WD ഡ്രൈവ് സംവിധാനം
വിലയും നിറവും
ആകർഷകമായ ആറു നിറഭേദങ്ങളിൽ പുത്തൻ താർ ലഭിക്കും. വില കമ്പനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും, 8-10 ലക്ഷം രൂപ മുതൽ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.