bmw

കൊച്ചി: പ്രമുഖ ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ബി.എം.ഡബ്ള്യു അവതരിപ്പിക്കുന്ന പുത്തൻ ഹൈബ്രിഡ് താരമാണ് 545ഇ എക്‌സ് ഡ്രൈവ് സെഡാൻ. പേര് സൂചിപ്പിക്കുന്നതു പോലെ പെട്രോൾ എൻജിനിലും ഇലക്ട്രിക് എൻജിനിലും മികച്ച പെർഫോമൻസ് കാഴ്‌ചവയ്ക്കുന്നതാണ് ഈ മോഡൽ. ട്വിൻ പവർ ടർബോ 6-സിലിണ്ടർ പെട്രോൾ എൻജിനും ഇലക്‌ട്രിക് മോട്ടോറുമാണ് ഇതിലുള്ളത്. 399 പി.എസ് ആണ് കരുത്ത്.

ഇതിൽ 289 പി.എസ് ഉത്‌പാദിപ്പിക്കുന്നത് പെട്രോൾ എൻജിനാണ്; ബാക്കി ഇലക്‌ട്രിക് മോട്ടോറും. മണിക്കൂറിൽ 245 കിലോമീറ്റർ വേഗതയിൽ വരെ പായാൻ ബി.എം.ഡബ്ള്യു 545 ഇ എക്‌സ് ഡ്രൈവ് ഹൈബ്രിഡ് സെഡാന് കഴിയും. ഇലക്‌ട്രിക് മോഡിൽ പരമാവധി വേഗത 140 കിലോമീറ്രറാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ടത് വെറും 4.7 സെക്കൻഡാണ്.

രണ്ടു എൻജിൻ വിഭാഗങ്ങളിലും മികച്ച പെർഫോമൻസ് നടത്തുന്ന ഈ മോഡൽ നഗര, ദീർഘദൂര യാത്രകൾക്ക് ഒരേ പോലെ ഇണങ്ങിയതാണ്. ദൈനംദിന യാത്രകൾക്ക് ഏറെ കേമം എന്നുതന്നെ പറയാം. ഇലക്‌ട്രിക് മോട്ടോർ, ബാറ്രറി ഫുൾ ചാർജിൽ പരമാവധി 57 കിലോമീറ്റർ വരെ ഓടും. പെട്രോൾ എൻജിനും ഉയർന്ന ഇന്ധനക്ഷമത വാഗ്‌ദാനം ചെയ്യുന്നു. ഹൈബ്രിഡ്, ഹൈബ്രിഡ് എക്കോ പ്രൊ, സ്‌പോർട്, ഇലക്‌ട്രിക് എന്നീ ഡ്രൈവിംഗ് മോഡുകളുണ്ട്.

'റെഡി ടു ഡ്രൈവ് സൗണ്ട്" സംവിധാനത്തോടെയാണ് 545 ഇ എക്‌സ് ഡ്രൈവ് ഹൈബ്രിഡ് സെഡാനെ ബി.എം.ഡബ്ല്യു ഒരുക്കിയിരിക്കുന്നത്. ഡ്രൈവർ വാഹനത്തിന് അകത്തേക്ക് പ്രവേശിച്ച ശേഷം, എൻജിൻ സ്‌റ്റാർട്ട്/സ്‌റ്റോപ്പ് ബട്ടൺ അമർത്തുമ്പോൾ ഇത് ആക്‌ടീവ് ആകും. ഇലക്‌ട്രിക് ഡ്രൈവ് ആസ്വാദ്യമാക്കാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. കാൽനടയാത്രികരുടെ സാന്നിദ്ധ്യവും ഇതറിയിക്കുന്നതിനാൽ, സുരക്ഷിത ഡ്രൈവിംഗും സാദ്ധ്യമാക്കുന്നു. വാഹനത്തിന്റെ വില കമ്പനി വ്യക്തമാക്കിയിട്ടില്ല.

245 km/h

399 പി.എസ് കരുത്തുള്ളതാണ് ബി.എം.ഡബ്ള്യു 545 ഇ എക്‌സ് ഡ്രൈവ് ഹൈബ്രിഡ് സെഡാനിലെ എൻജിൻ. പെട്രോൾ മോഡൽ മണിക്കൂറിൽ 245 കിലോമീറ്രർ വരെ വേഗത്തിൽ ചീറിപ്പായും. ഇലക്ട്രിക് മോട്ടോറിന്റെ കൂടിയ വേഗം മണിക്കൂറിൽ 140 കിലോമീറ്റർ.

57 km

ഇലക്‌ട്രിക് എൻജിൻ ഫുൾ ബാറ്ററി ചാർജിൽ പരമാവധി ഓടുക 57 കിലോമീറ്റർ.

4.7 sec

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ബി.എം.ഡബ്ള്യു 545 ഇ എക്‌സ് ഡ്രൈവ് ഹൈബ്രിഡ് സെഡാന് വേണ്ടത് 4.7 സെക്കൻഡ്.

ഡ്രൈവിംഗ് മോഡുകൾ

 ഹൈബ്രിഡ്

 ഹൈബ്രിഡ് എക്കോ പ്രൊ

 സ്‌പോർട്

 ഇലക്‌ട്രിക്