rr

തിരുവനന്തപുരം: തീർത്ഥപാദ മണ്ഡപത്തിൽ നിന്നും നിലവിളക്കുകൾ മോഷ്ടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. വള്ളക്കടവ് സ്വദേശിയായ സബീർ (38), അൽഫീർ (36), സവാദ് (42) എന്നിവരെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു മോഷണം. തീർത്ഥപാദ മണ്ഡപത്തിന് സമീപത്തു നിന്നും ഇവർ ചാക്കിൽ എന്തോ കടത്തിക്കൊണ്ടു പോകുന്നത് കണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിൽ ഈഞ്ചക്കൽ ഭാഗത്തു നിന്നും മോഷണമുതലുമായി ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം തഹസിൽദാറെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ അദ്ദേഹം പൊലീസിന്റെ സാന്നിദ്ധ്യത്തിൽ തീർത്ഥപാദ മണ്ഡപം തുറന്നുപരിശോധിക്കുകയും മോഷണം സ്ഥിരീകരിക്കുകയും ചെയ്‌തു. തീർത്ഥപാദ മണ്ഡപത്തിന്റെ ഗേറ്റു ചാടിക്കടന്ന ഇവർ സ്റ്റോർ റൂമിന്റെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലായിരുന്ന തീർത്ഥപാദമണ്ഡപം ഫെബ്രുവരിയിലാണ് റവന്യൂ വകുപ്പ് ഏറ്റെടുത്തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.