spices

കൊച്ചി: സുഗന്ധവ്യഞ്ജന കയറ്റുമതിയിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം (2019-20) ഇന്ത്യ സ്വന്തമാക്കിയത് 21,515.4 കോടി രൂപയുടെ വരുമാനം. ഡോളർ നിരക്കിൽ ഇത് 303.34 കോടി ഡോളറാണ്. ആദ്യമായാണ് വരുമാനം 300 കോടി ഡോളർ കവിയുന്നത്. ആഗോളതലത്തിൽ കടുത്ത വെല്ലുവിളികൾ നേരിട്ടെങ്കിലും മികച്ച ഗുണമേന്മയുടെ കരുത്തിലാണ് ഈ നേട്ടം കൊയ്‌തതെന്ന് സ്‌പൈസസ് ബോർഡ് വ്യക്തമാക്കി.

11.83 ലക്ഷം മെട്രിക് ടൺ സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധവ്യഞ്ജന ഉത്‌പന്നങ്ങളുമാണ് കഴിഞ്ഞവർഷം കയറ്റുമതി ചെയ്‌തത്. 2018-19ൽ കയറ്റുമതി 11 ലക്ഷം മെട്രിക് ടൺ ആയിരുന്നു; വരുമാനം 19,505.81 കോടി രൂപയും. അളവിൽ എട്ട് ശതമാനവും മൂല്യത്തിൽ 10 ശതമാനവുമാണ് നടപ്പുവർഷത്തെ നേട്ടം. ലക്ഷ്യമിട്ടതിനേക്കാൾ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാനും കഴിഞ്ഞവർഷം കഴിഞ്ഞു.

19,666.90 കോടി രൂപയുടെ (285 കോടി ഡോളർ) വരുമാനവും 10.75 ലക്ഷം മെട്രിക് ടൺ കയറ്റുമതിയുമായിരുന്നു 2019-20ല ലക്ഷ്യം. എന്നാൽ, മൂല്യം 109 ശതമാനവും അളവ് 110 ശതമാനവുമെത്തി. ഡോളർ മൂല്യത്തിൽ കൈവരിച്ചത് 106 ശതമാനമാണ്.

ഗുണമേന്മയുടെ വിജയം

ആഗോളതലത്തിൽ കടുത്ത മത്സരം ഉയർന്നിട്ടും മികച്ച ഗുണമേന്മയുടെ കരുത്തിലാണ് കഴിഞ്ഞ സമ്പദ്‌വർഷം ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ മികച്ച കയറ്റുമതി നേട്ടം കൊയ്‌തത്.

10%

കയറ്റുമതി മൂല്യത്തിൽ കഴിഞ്ഞവർഷത്തെ വർദ്ധന 10 ശതമാനം; അളവിൽ നേട്ടം എട്ട് ശതമാനം.

$300 കോടി

ഡോളർ നിരക്കിൽ, ഇന്ത്യൻ സുഗന്ധവ്യഞ്ജന കയറ്റുമതി ആദ്യമായി 300 കോടി ഡോളർ കടന്നത് കഴിഞ്ഞവർഷമാണ്.

225

കഴിഞ്ഞവർഷം 225 സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളും കയറ്റുമതി ചെയ്‌തു; 2018-19ൽ ഇത് 219 ആയിരുന്നു.

185 രാജ്യങ്ങൾ

ഇന്ത്യയിൽ നിന്ന് സുഗന്ധവ്യഞ്ജനം വാങ്ങുന്നത് 185 രാജ്യങ്ങളാണ്. യഥാക്രമം മുന്നിലുള്ള രാജ്യങ്ങൾ :

 ചൈന

 അമേരിക്ക

 ബംഗ്ളാദേശ്

 യു.എ.ഇ

 തായ്‌ലൻഡ്

 ശ്രീലങ്ക

 മലേഷ്യ

 ബ്രിട്ടൻ

 ഇൻഡോനേഷ്യ

(കയറ്റുമതിയുടെ 70 ശതമാനവും ഈ രാജ്യങ്ങളിലേക്കാണ്; ചൈനയുടെ പങ്ക് 24 ശതമാനം)

വറ്റൽമുളക്

മൊത്തം കയറ്റുമതിയിൽ ഏറ്റവും കൂടുതൽ വറ്റൽ മുളകാണ്. 4.84 ലക്ഷം മെട്രിക് ടൺ. മൂല്യം 6,221.70 കോടി രൂപ.

മുന്നിലുള്ളവ

കയറ്റുമതിയിൽ 80 ശതമാനം സംഭാവന ചെയ്യുന്നവ:

 മുളക്

 പുതിന

 ജീരകം

 സുഗന്ധവ്യഞ്ജന എണ്ണ

 സത്തുക്കൾ

 മഞ്ഞൾ

 ഇഞ്ചി

''കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യസംവർദ്ധകങ്ങളായ സുഗന്ധവ്യഞ്ജനങ്ങൾക്ക് ആഗോളതലത്തിൽ മികച്ച ഡിമാൻഡുണ്ട്. നിലവാരത്തിൽ ഏറെ മുന്നിലായതിനാൽ ഇന്ത്യൻ ഇനങ്ങൾക്കാണ് സ്വീകാര്യത കൂടുതൽ""

ഡി. സത്യൻ,

സെക്രട്ടറി, സ്‌പൈസസ് ബോർഡ്