ന്യൂഡൽഹി: ഇലക്‌ട്രിക് എസ്.യു.വി ശ്രേണിയിൽ അമേരിക്കൻ കമ്പനികൾ തമ്മിലെ വലിയൊരു അങ്കത്തിന് സാക്ഷിയാകുന്ന വർഷമായിരിക്കും 2021. ശതകോടീശ്വരൻ എലോൺ മസ്‌കിന്റെ ഇലക്‌ട്രിക് വാഹന നിർമ്മാണ കമ്പനിയായ ടെസ്‌ല പ്രഖ്യാപിച്ച 'സൈബർട്രക്കിനെ" നേരിടാൻ, മറ്റൊരു അമേരിക്കൻ കമ്പനിയായ ജനറൽ മോട്ടോഴ്‌സ്, വിഖ്യാതമായ 'ഹമ്മർ" ബ്രാൻഡിൽ ഒരുക്കുന്ന ഇ-എസ്.യു.വിയും അടുത്തവർഷം വിപണിയിലെത്തും.
കഴിഞ്ഞ മേയിൽ ഹമ്മർ ഇ-എസ്.യു.വിയെ അവതരിപ്പിക്കാണ് ജനറൽ മോട്ടോഴ്‌സ് ട്രക്ക് കമ്പനി (ജി.എം.സി) തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് പശ്‌ചാത്തലത്തിൽ സെപ്‌തംബർ-ഡിസംബർ പാദത്തിലേക്ക് മാറ്റി. 2021ൽ വില്പന ആരംഭിക്കും.
ലോകത്തെ 'ആദ്യ സൂപ്പർ ട്രക്ക്" എന്നാണ് ഈ സമ്പൂർണ ഇലക്‌ട്രിക് താരത്തെ ജി.എം.സി വിശേഷിപ്പിക്കുന്നത്. ആയിരത്തിനുമേലാണ് കുതിരശക്തി. പരമാവധി ടോർക്ക് 15,000ന് മുകളിൽ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കണ്ണുചിമ്മുന്ന സമയം മതി.
ഹമ്മറിന്റെ
പുനർജന്മം
ആഗോളതലത്തിൽ വൻ പ്രിയം നേടിയ ബ്രാൻഡായിരുന്നു ജനറൽ മോട്ടോഴ്‌സിന്റെ ഹമ്മർ. എന്നാൽ, കടബാദ്ധ്യതയുടെ പശ്ചാത്തലത്തിൽ 2009ൽ ഉത്പാദനം നിറുത്തി. മിലിട്ടറി വാഹനശൈലിയിൽ നിർമ്മിച്ച ഹമ്മറിന്റെ എച്ച്1, എച്ച്2, ചെറു വാഹനമായ എച്ച്3 എന്നിവ വിപണിയിൽ ഹിറ്റായിരുന്നു. എച്ച്2ന്റെ പ്ളാറ്റ്‌ഫോമിലാണ് ഇലക്‌ട്രിക് പരിവേശം നൽകി ഹമ്മറിനെ വീണ്ടും മുഖ്യധാരയിലേക്ക് ജി.എം.സി എത്തിക്കുന്നത്.
₹80,000 കോടി
പുതിയ ഹമ്മർ ഇ-എസ്.യു.വിന്റെ ഉത്‌പാദനത്തിലൂടെ വിപണിയിൽ വീണ്ടും സാന്നിദ്ധ്യം ശക്തമാക്കുന്നത് ലക്ഷ്യമിട്ട് ഏകദേശം 80,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് ഫാക്‌ടറികളിൽ ജി.എം.സി നടത്തുന്നത്.
1014 HP
ഹമ്മർ ഇ-എസ്.യു.വിയുടെ കരുത്ത്.
15,592 Nm
പരമാവധി ടോർക്ക്
3 sec
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ട സമയം.
644 km
സൂപ്പർഫാസ്‌റ്റ് ചാർജിംഗ് സൗകര്യം ഹമ്മർ ഇ-എസ്.യുവിക്ക് ഉണ്ടാകും. ഫുൾ ചാർജിൽ 644 കിലോമീറ്റർ വരെ യാത്രചെയ്യാം.
$70,000
ഹമ്മർ ഇ-എസ്.യു.വിന്റെ വില ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ജനറൽ മോട്ടോഴ്‌സ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ 70,000 ഡോളർ വരെ പ്രതീക്ഷിക്കാം. ഏകദേശം 52 ലക്ഷം രൂപ. ടെസ്‌ല സൈബർട്രക്കിന് വില 40,000 ഡോളറാണ് (30 ലക്ഷം രൂപ).