alto

കൊച്ചി: ഇന്ത്യയുടെ സ്വന്തം 'ഫാമിലി കാർ", മാരുതി സുസുക്കിയുടെ ഓൾട്ടോ വില്പനയിൽ 40 ലക്ഷം യൂണിറ്റുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിയുന്ന കാർ എന്ന റെക്കാഡ് ഓൾട്ടോയുടെ സ്വന്തമാണ്. രാജ്യത്ത് പുതുതായി കാർ വാങ്ങുന്നവരിൽ 76 ശതമാനം പേരുടെയും ചോയിസ് ഓൾട്ടോ ആണെന്നതും ശ്രദ്ധേയം.

2000ലാണ്, എൻട്രി-ലെവൽ ഹാച്ച്ബാക്ക് കാറായ ഓൾട്ടോയെ മാരുതി വിപണിയിൽ എത്തിക്കുന്നത്. 2008ൽ ഓൾട്ടോ 10 ലക്ഷം യൂണിറ്റുകളുടെ വില്പന പിന്നിട്ടു. 20 ലക്ഷം യൂണിറ്റുകളിലേക്ക് ചുവടുവയ്ക്കാൻ പിന്നീട് വേണ്ടിവന്നത് വെറും നാലുവർഷങ്ങൾ മാത്രം. തൊട്ടടുത്ത നാലുവർഷം കൊണ്ട്, (2016ൽ) വില്പന 30 ലക്ഷം യൂണിറ്റുകളിലെത്തി. 2020ൽ 40 ലക്ഷവും.

തുടർച്ചയായി 16 വർഷങ്ങളായി, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിയുന്ന കാർ എന്ന കിരീടം ഓൾട്ടോയ്ക്ക് സ്വന്തമാണ്. 20 വർഷത്തിനിടെ ഒട്ടേറെ വകഭേദങ്ങൾ ഓൾട്ടോയ്ക്കുണ്ടായി. ബി.എസ്-6 മലിനീകരണ ചട്ടം പാലിക്കുന്നതിന് പുറമേ, പുതിയ ക്രാഷ് ആൻഡ് പെഡസ്‌ട്രിയൻ സേഫ്‌റ്റി റെഗുലേഷൻ മാനദണ്ഡം പാലിക്കുന്ന പതിപ്പും ഉപഭോക്താക്കളിലേക്ക് എത്തി. ഈ മികവുള്ള ഇന്ത്യയിലെ ആദ്യ എൻട്രി-ലെവൽ കാറും ഓൾട്ടോയാണ്.

ഫാമിലി കാർ

ഇടത്തരം കുടുംബങ്ങൾക്കും എത്തിപ്പിടിക്കാനാവുന്ന വിലയും മികവുകളുമാണ് ഓൾട്ടോയുടെ സവിശേഷത. ആദ്യമായി കാർ ഡ്രൈവിംഗ് ലോകത്തേക്ക് എത്തുന്നവർക്കും അനായാസം കൈകാര്യം ചെയ്യാനാകുന്ന കാറെന്ന മികവുമുണ്ട്.

ഓൾട്ടോയ്ക്ക് 2.95 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില. ടോപ് മോഡലിന് 4.36 ലക്ഷം രൂപ (എക്‌സ്‌ഷോറൂം). പെട്രോൾ വേരിയന്റ് ലിറ്ററിന് 22.05 കിലോമീറ്ററും സി.എൻ.ജി പതിപ്പ് കിലോഗ്രാമിന് 31.56 കിലോമീറ്ററും മൈലേജ് ലഭിക്കും.