ന്യൂഡൽഹി: പൊതുമേഖലയിലെ ഏക വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റൊഴിയുന്നതിന് മുന്നോടിയായി, താത്പര്യപത്രം സമർപ്പിക്കാനുള്ള തീയതി കേന്ദ്രസർക്കാർ രണ്ടുമാസത്തേക്ക് കൂടി നീട്ടി. ഈമാസം 31ന് അവസാനിക്കേണ്ടിയിരുന്ന കാലാവധി ഒക്‌ടോബർ 30ലേക്കാണ് നീട്ടിയത്.
കൊവിഡ് പശ്ചാത്തലത്തിൽ, നിക്ഷേപകരുടെ താത്പര്യാർത്ഥമാണ് തീയതി വീണ്ടും നീട്ടിയതെന്ന് ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇൻവെസ്‌റ്റ്‌മെന്റ് ആൻഡ് പബ്ളിക് അസറ്റ് മാനേജ്‌മെന്റ് (ദിപം) വ്യക്തമാക്കി. യോഗ്യരായ നിക്ഷേപകരെ നവംബർ 20ന് അറിയിക്കും. ഇതു മൂന്നാംതവണയാണ് താത്പര്യപത്രത്തിനുള്ള തീയതി കേന്ദ്രം നീട്ടുന്നത്.
എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാൻ ജനുവരി 27ന് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയിരുന്നു. തുടർന്ന്, മാർച്ച് 31നകം താത്പര്യപത്രം സമർപ്പിക്കാമെന്ന് അറിയിച്ചെങ്കിലും ഏറ്റെടുക്കാൻ ആരും വരാത്തതിനാൽ അന്തിമതീയതി ജൂൺ 30ലേക്കും തുടർന്ന് ആഗസ്‌റ്റ് 31ലേക്കും നീട്ടുകയായിരുന്നു. എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്രം വില്പനയ്ക്ക് വച്ചെങ്കിലും വാങ്ങാൻ ആരും വന്നില്ല. സർക്കാരുമായി ഓഹരി പങ്കാളിത്തത്തിന് താത്പര്യമില്ലെന്ന നിലപാടാണ് നിക്ഷേപകർ എടുത്തത്.
തുടർന്നാണ്, 100 ശതമാനം ഓഹരികളും വിറ്റൊഴിയാൻ കേന്ദ്രം തീരുമാനിച്ചത്. എയർ ഇന്ത്യ, ഉപസ്ഥാപനമായ എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവയിലെ 100 ശതമാനം ഓഹരികളും മറ്രൊരു ഉഫസ്ഥാപനമായ എയർ ഇന്ത്യ സാറ്റ്സിന്റെ 50 ശതമാനം ഓഹരികളുമാണ് വിൽക്കുന്നത്. വാങ്ങാനാരും വന്നില്ലെങ്കിൽ പ്രവർത്തനം നിറുത്തേണ്ടിവരുമെന്ന് കേന്ദ്രം സൂചിപ്പിച്ചിട്ടുണ്ട്. 2011-12ൽ യു.പി.എ സർക്കാർ പ്രഖ്യാപിച്ച 30,000 കോടി രൂപയുടെ രക്ഷാപാക്കേജിന്റെ ബലത്തിലാണ് ഇപ്പോൾ കമ്പനിയുടെ പ്രവർത്തനം.
ടാറ്റയ്‌ക്ക് താത്പര്യം
1932ൽ ടാറ്റ എയർ സർവീസസ് എന്ന പേരിൽ ടാറ്റ സൺസ് മേധാവിയായിരുന്ന ജെ.ആർ.ഡി ടാറ്റ ആരംഭിച്ച കമ്പനിയാണ്, പിന്നീട് സർക്കാർ ഏറ്റെടുത്ത് എയർ ഇന്ത്യ ആക്കിയത്. ഇപ്പോൾ, എയർ ഇന്ത്യയെ വീണ്ടും സ്വന്തമാക്കാനുള്ള താത്പര്യം ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ടെൻഡർ നടപടികളിൽ ടാറ്റ പങ്കെടുക്കും.
ഏറ്റെടുക്കാൻ അദാനിയും?
എയർ ഇന്ത്യയോട് താത്പര്യമുണ്ടെന്ന് അദാനി ഗ്രൂപ്പും നേരത്തേ സൂചിപ്പിച്ചിരുന്നു. എന്നാൽ, കൊവിഡിൽ വ്യോമയാന രംഗം കടുത്ത സമ്പദ്‌പ്രതിസന്ധിയിലായതിനാൽ പിന്നീട്, ഇക്കാര്യത്തിൽ നീക്കങ്ങളൊന്നും അദാനി എടുത്തിട്ടില്ല.
₹23,286 കോടി
എയർ ഇന്ത്യയുടെ നിലവിലെ കടബാദ്ധ്യത
എയർ ഇന്ത്യയെ വാങ്ങിയാൽ
എന്താണ് നേട്ടം?
150 എയർ ക്രാഫ്‌റ്റുകൾ
പ്രമുഖ രാജ്യാന്തര വിമാനത്താവളങ്ങളിലെ സുപ്രധാന സ്ളോട്ടുകൾ
കടബാദ്ധ്യതയിൽ ₹30,000 കോടി കുറയ്ക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്
100% ഓഹരികളും സ്വന്തം. ഇതിൽ, 49% വിദേശ നിക്ഷേപത്തിന് അനുമതിയും
ഉപസ്ഥാപനമായ എയർ ഇന്ത്യ എക്‌സ്‌പ്രസും സ്വന്തമാകും
ഉപസ്ഥാപനമായ എയർഇന്ത്യ സാറ്റ്സിന്റെ 50% ഓഹരികൾ നേടാം.
(2019ലെ റിപ്പോർട്ടുകൾ പ്രകാരം)