മുംബയ്: കൊവിഡ് കാലത്ത് കറൻസി നോട്ടുകളുടെ പ്രചാരം 10 ശതമാനം വർദ്ധിച്ചുവെന്ന് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട്. കറൻസിയും ജി.ഡി.പിയുമായുള്ള അനുപാതം നോട്ട് അസാധുവാക്കലിന് മുമ്പത്തെ 12 ശതമാനം നിരക്കിലേക്ക് തിരിച്ചുമെത്തി.
മാർച്ച് 20ന് ശേഷം ഇതുവരെ കറൻസി പ്രചാരം 26.9 ലക്ഷം കോടിയായി ഉയർന്നു. 2,000 രൂപാ നോട്ടിന്റെ അച്ചടിയും പ്രചാരവും കഴിഞ്ഞ രണ്ടുവർഷത്തിനിടെ കുത്തനെ കുറഞ്ഞെങ്കിലും മറ്റു കറൻസികളുടെ ഡിമാൻഡ് കൂടി. പൊതുജനം കൈകാര്യം ചെയ്യുന്ന കറൻസികളുടെ വർദ്ധന ഫെബ്രുവരിയിലെ 11.3 ശതമാനത്തിൽ നിന്ന് മാർച്ചിൽ 14.5 ശതമാനത്തിലേക്കും ജൂണിൽ 21.3 ശതമാനത്തിലേക്കും ഉയർന്നു.
കറൻസിയും ബാങ്കുകളിലെ നിക്ഷേപവും തമ്മില അനുപാതം 15.1 ശതമാനത്തിൽ നിന്ന് 16.3 ശതമാനത്തിലേക്കും മെച്ചപ്പെട്ടു. 2019-20ൽ 2,000 രൂപാ നോട്ട് അച്ചടിച്ചില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.