ദുബായ് : അടുത്ത മാസം 19 ന് യു.എ.ഇയിൽ തുടങ്ങാനിരിക്കുന്ന ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ആശങ്കകളുടെ കരിനിഴൽ പരത്തി ദുബായിലെത്തിയ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ കൊവിഡ് ബാധ.
കഴിഞ്ഞയാഴ്ച ചെന്നൈയിലെ ക്യാമ്പ് കഴിഞ്ഞ് യു.എ.ഇയിലെത്തിയ സംഘത്തിലെ 12 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ക്ളബ് വൃത്തങ്ങൾ അറിയിച്ചു. ഒരു കളിക്കാരനും കോച്ചിംഗ്, മാനേജ്മെന്റ് സ്റ്റാഫുകൾക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് അറിയിച്ച ക്ളബ് അധികൃതർ ആരുടെയും പേരു വിവരം പുറത്തുവിട്ടിട്ടില്ല.
യു.എ.ഇയിലെത്തിയശേഷമുള്ള ആറുദിവസത്തെ നിർബന്ധിത ക്വാറന്റൈൻ പൂർത്തിയാക്കി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഒരു ഡസൻ കൊവിഡ് കേസുകൾ കണ്ടെത്തിയത്. യു.എ.ഇയിലെത്തിയ ശേഷമാണ് രോഗം പിടിപെട്ടതെന്ന് കരുതുന്നു. യു.എ.ഇയിലെത്തിയശേഷം ബി.സി.സി.ഐ നിഷ്കർഷിച്ചിരുന്ന മൂന്ന് നിർബന്ധിത കൊവിഡ് ടെസ്റ്റുകളും പൂർത്തിയാക്കിയിരുന്നു. ഇന്ന് ടീമംഗങ്ങളെ വീണ്ടും ടെസ്റ്റിന് വിധേയരാക്കും. വെള്ളിയാഴ്ച ടീം പരിശീലനം തുടങ്ങാനിരിക്കേയാണ് രോഗബാധയുണ്ടായത്. ഒരാഴ്ച കൂടി ടീം മൊത്തത്തിൽ ക്വാറന്റൈനിൽ തുടരും