porsche

കൊച്ചി: ലോകത്തെ ഏറ്റവും വേഗമേറിയ 'എക്‌സിക്യൂട്ടീവ് ക്ളാസ്" കാർ എന്ന പെരുമയുമായി പ്രമുഖ ജർമ്മൻ ആത്യാഡംബര വാഹന നിർമ്മാതാക്കളായ പോർഷേയുടെ 2021 എഡിഷൻ പനമേര വിപണിയിലെത്തി. നിലവിലെ മോഡലായ പനമേര ടർബോയ്ക്ക് ബദലായി, ഏതാനും മാറ്റങ്ങളോടെയാണ് ടർബോ എസ് പതിപ്പ് അവതരിപ്പിക്കുന്നത്.

ഈ 4-സീറ്റർ സ്‌പോർട്‌സ് കാറിന്റെ ഫേസ്‌ലിഫ്‌റ്റഡ് പതിപ്പ്, ആദ്യഘട്ടത്തിൽ ജർമ്മനിയിലാണ് വില്പനയ്ക്കെത്തുക. അടുത്തവർഷത്തോടെ ഇന്ത്യയിലും പ്രതീക്ഷിക്കാം. കാറിന്റെ മുൻവശത്ത് സ്പോർട്സ് ഡിസൈൻ നേരത്തേ, ഒരു ഓപ്‌ഷൻ ആയിരുന്നെങ്കിൽ പുത്തൻ പതിപ്പിൽ അത് സ്‌റ്റാൻഡേർഡ് ആണ്.

റിയർ എൽ.ഇ.ഡി ലൈറ്റുകൾ, ഒറ്റപ്പാളിയായി വീതിയിൽ നൽകിയിരിക്കുന്നു. മുന്നിൽ വലിയ എയർ-ഇൻടേക്കുകളും പരിഷ്‌കരിച്ച എൽ.ഇ.ഡി ഹെഡ്‌ലൈറ്റും കാണാം. വിവിധ നിറത്തിൽ, മൂന്നു തരത്തിലുള്ള 20/21 ഇഞ്ച് വീലുകളുമുണ്ട്. മൂന്നു എൻജിൻ പതിപ്പുകളാണ് പുത്തൻ മോഡലിന് പോർഷേ വാഗ്‌ദാനം ചെയ്യുന്നത്.

4.0 ലിറ്റർ, ബൈടർബോ വി8 എൻജിൻ 630 ബി.എച്ച്.പി കരുത്തുത്പാദിപ്പിക്കുന്നതാണ്. പരമാവധി ടോർക്ക് 820 ന്യൂട്ടൺ മീറ്റർ (എൻ.എം). നിലവിലെ ടർബോയേക്കാൾ കരുത്ത് 80 ബി.എച്ച്.പിയും ടോർക്ക് 50 എൻ.എമ്മും അധികമാണിത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.1 സെക്കൻഡ് മതി. മണിക്കൂറിൽ 315 കിലോമീറ്ററാണ് പരമാവധി വേഗം.

4എസ് ഇ-ഹൈബ്രിഡ് വേർഷൻ 17.9 കെ.ഡബ്ള്യു.എച്ച് എന്ന വലിയ ബാറ്ററി പാക്കോട് കൂടിയതാണ്. മുൻ വേർഷനിൽ ഇത് 14.1 കെ.ഡബ്ള്യു.എച്ച് ആയിരുന്നു. പുതിയ മോട്ടോറിന്റെ മാത്രം ഡ്രൈവിംഗ് റേഞ്ച് 54 കിലോമീറ്ററാണ്. 2.9 ലിറ്റർ ബൈടർബോ വി6 എൻജിനൊപ്പമാണ് ഇത് നൽകിയിട്ടുള്ളത്. ഇരു എൻജിനുകളും ചേരുമ്പോൾ പരമാവധി വേഗം മണിക്കൂറിൽ 298 കിലോമീറ്രർ. 3.7 സെക്കൻഡ് മതി പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ.

480 ബി.എച്ച്.പി കരുത്തുള്ള, വി8 എൻജിനോട് കൂടിയതാണ് ജി.ടി.എസ് വേർഷൻ. മികച്ച പെർഫോമൻസിനും സുഖ-സുരക്ഷിതയാത്രയ്ക്കുമായി സിഗ്‌നേചർ ആക്‌റ്റീവ് സസ്പെൻഷൻ മാനേജ്‌മെന്റ് (പി.എ.എസ്.എം), പോർഷേ ഡൈനാമിക് ഷാസി കൺട്രോൾ സ്‌പോർട് (പി.ഡി.സി.സി സ്‌പോർട്) സംവിധാനങ്ങളും പുത്തൻ മോഡലിലുണ്ട്.

ബൈടർബോ V8

 കരുത്ത് : 630bhp

 ടോർക്ക് : 820nm

315km/h

പരമാവധി വേഗം മണിക്കൂറിൽ 315 കിലോമീറ്റർ

3.1 sec

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ട സമയം.

4s E-Hybrid

 17.9kwh ബാറ്ററി പാക്ക്

 ഹൈബ്രിഡ് പതിപ്പിന്റെ ടോപ് സ്പീഡ് 298km

 പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ട സമയം 3.7 സെക്കൻഡ്

₹1.57cr

ജർമ്മൻ വിപണിയിലെ വില കണക്കാക്കിയാൽ 80.17 ലക്ഷം രൂപയിലാണ് പനമേര ശ്രേണി ആരംഭിക്കുന്നത്.

 4എസ് ഇ-ഹൈബ്രിഡിന് : ₹1.11 കോടി

 ജി.ടി.എസിന് : ₹1.20 കോടി

 ടർബോ എസിന് : ₹1.57 കോടി