കൊച്ചി: ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവുമധികം വളർച്ച നേടുന്ന വിഭാഗമാണ് എസ്.യു.വികൾ. വാഹന നിർമ്മാതാക്കൾ ഏറെ പ്രതീക്ഷയോടെ കൂടുതൽ മോഡലുകൾ അവതരിപ്പിക്കുന്നതും ഈ ശ്രേണിയിലാണ്. ഈ ലോക്ക്ഡൗൺ കാലത്തും വലിയ വില്പന നേട്ടം കൊയ്യാൻ എസ്.യു.വികൾക്ക് കഴിഞ്ഞു.
മറ്റു വാഹന ശ്രേണികളെല്ലാം ലോക്ക്ഡൗണിൽ നഷ്‌ടം നേരിട്ടപ്പോഴും എസ്.യു.വികൾ 14 ശതമാനമെന്ന വിസ്‌മയ വളർച്ച നേടി. ജൂലായിലെ മൊത്തം പാസഞ്ചർ വാഹന വില്പനയിൽ 39 ശതമാനവും എസ്.യു.വികളുടെ പങ്കാണ്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായ് വെന്യു, എം.ജി ഹെക്‌ടർ എന്നിവയാണ് ലോക്ക്ഡൗണിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ എസ്.യു.വികൾ.
ഹ്യുണ്ടായ് ക്രെറ്റ
മേയിലും ജൂണിലും ജൂലായിലും ഏറ്റവുമധികം വിറ്റഴിഞ്ഞ എസ്.യു.വി ഹ്യുണ്ടായ് ക്രെറ്റയാണ്. വാഹനത്തിന്റെ മൊത്തം വില്പന അഞ്ചുലക്ഷമെന്ന നാഴികക്കല്ലും പിന്നിട്ടു. മാർച്ചിൽ വിപണിയിലെത്തിയ പുത്തൻ പതിപ്പിന് ഇതുവരെ ലഭിച്ച ബുക്കിംഗ് 65,000ത്തോളമാണ്. ലോക്ക്ഡൗണിൽ ഇതുവരെ 21,968 പുതിയ ക്രെറ്റ നിരത്തിലെത്തി.
കിയ സെൽറ്റോസ്
വിപണിയിലെത്തി 11 മാസത്തിനകം ഒരുലക്ഷം യൂണിറ്റുകളുടെ വില്പനനേടി വിജയഗാഥ തുടരുകയാണ് കൊറിയൻ ബ്രാൻഡായ കിയയുടെ സെൽറ്റോസ്. ലോക്ക്ഡൗണിൽ മാത്രം വിറ്റുപോയത് 16,995 യൂണിറ്റുകൾ.
മാരുതി വിറ്റാര ബ്രെസ
ഇന്ത്യയിലെ ഏറ്റവും 'വിശ്വസ്‌ത വാഹന ബ്രാൻഡ്" എന്ന പെരുമയുള്ള മാരുതി സുസുക്കിയും എസ്.യു.വികളുടെ വിജയക്കുതിപ്പിൽ മുൻനിരയിലുണ്ട്. വിറ്റാര ബ്രെസയുടെ 14,180 യൂണിറ്റുകളാണ് ലോക്ക്ഡൗണിൽ ഇന്ത്യക്കാർ വാങ്ങിയത്. പെട്രോൾ പതിപ്പ് മാത്രമാണ് ബ്രെയയ്ക്കുള്ളത്.
ഹ്യുണ്ടായ് വെന്യു
ലോക്ക്ഡൗണിൽ വൻ സ്വീകാര്യത നേടിയ ഹ്യുണ്ടായിയുടെ മറ്റൊരു മോഡലാണ് വെന്യു. വിറ്റുപോയത് 12,105 യൂണിറ്റുകൾ. എസ്.യു.വികളുടെ നിരയിൽ ഏറ്റവും 'അഫോർഡബിൾ" എന്ന വിശേഷണവും 6.69 ലക്ഷം രൂപ മുതൽ എക്‌സ്‌ഷോറൂം വിലയുള്ള വെന്യുവിനുണ്ട്.
എം.ജി ഹെക്‌ടർ
സമീപകാലത്ത് ഇന്ത്യയിലെത്തി, അതിവേഗം വിജയമായി മാറിയ വാഹന ബ്രാൻഡാണ് എം.ജി. ഹെക്‌ടറിന്റെ 4,526 യൂണിറ്റുകൾ ലോക്ക്ഡൗണിൽ നിരത്തിലെത്തി. പുതിയ വേർഷനായ എം.ജി ഹെക്‌ടർ പ്ളസിനും ആവശ്യക്കാർ ധാരാളം.