ഇടുക്കി: ജലജീവൻ മിഷന്റെ കീഴിൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും എല്ലാവർക്കും കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ എച്ച ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല യോഗം വീഡിയോ കോൺഫറൻസിലൂടെ തീരുമാനിച്ചു. ഡീൻ കുര്യാക്കോസ് എംപി, പി ജെ ജോസഫ് എം എൽ എ, ഇ എസ് ബിജിമോൾ എം എൽ എ, ജലവിഭവ സൂപ്രണ്ടിംഗ് എൻജിനീയർ സി. അനിൽകുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കുര്യാക്കോസ് ബന്ധപ്പെട്ട മറ്റ് വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ജില്ലയിൽ 60102 കുടുംബങ്ങൾക്ക് ഇപ്പോൾ കുടിവെള്ളം ലഭിക്കുന്നുണ്ട്. ഇനി കണക്ഷൻ ലഭിക്കാനുള്ള 2,24,661 പേർക്കുകൂടി കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. എക്സ്റ്റൻഷൻ ഉൾപ്പെടെ 1,57, 352 കണക്ഷനുകൾ വിവിധ പഞ്ചായത്തുകളിലായി നൽകുന്നതിനാണ് ഈ സാമ്പത്തികവർഷം നടപടികൾ ആരംഭിക്കുക. ഇതിനായി 35 പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ പൊതു ഏകോപനം വേണമെന്നും ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു.. തടസപ്പെട്ടു കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കണം. മറയൂർ, കാന്തല്ലൂർ, പാമ്പാടുംപാറ, ശാന്തൻപാറ മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും എം പി പറഞ്ഞു. ഈ മേഖലകളിൽ പുതിയ ജലസ്രോതസുകൾ കണ്ടെത്താൻ ശ്രമം നടത്തിവരുന്നതായി സൂപ്രണ്ടിംഗ് എൻജിനീയർ അറിയിച്ചു. നിലവിൽ മുട്ടം കരിങ്കുന്നം, കുമാരമംഗലം പദ്ധതികളാണ് ജില്ലയിൽ ഉടൻ നടപ്പിലാക്കുന്ന വലിയ പദ്ധതികൾ.
കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന മുട്ടം കരിങ്കുന്നം, കുമാരമംഗലം പഞ്ചായത്തുകൾക്കു മുൻഗണന നൽകിയുള്ള പദ്ധതിയുടെ പൂർത്തീകരണ നടപടികൾ വേഗത്തിലാക്കണമെന്നു പി. ജെ. ജോസഫ് എം എൽ എ നിർദേശിച്ചു. ഇതിനായി വറ്റാത്ത കുടിവെള്ള സ്രോതസുകൾ കണ്ടെത്തണം. മുട്ടം കരിങ്കുന്നം പദ്ധതിയ്ക്കായി 34 കോടി രൂപയും കുമാരമംഗലത്തിനായി 17 കോടി രൂപയുടെ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ടെന്നു സൂപ്രണ്ടിംഗ് എൻജിനീയർ അറിയിച്ചു. പദ്ധതികൾ ഇനി സംസ്ഥാന മിഷന്റെ അനുമതിക്കായി സമർപ്പിക്കും.
പീരുമേട് നിയോജകമണ്ഡലത്തിൽപ്പെടുന്ന ഒമ്പതു പഞ്ചായത്തുകളിലായി 52000 പേർ കുടിവെള്ള കണക്ഷനു പുറത്തുനിൽക്കുന്നതായി ഇ എസ്. ബിജിമോൾ എം എൽ എ പറഞ്ഞു. നിലവിൽ 9196 കണക്ഷൻ ഉണ്ട്. മുമ്പ് ഒരാൾക്കു 40 ലിറ്റർ ആയിരുന്നു പരിധി. ഇപ്പോൾ അത് 150 ലിറ്ററായി ഉയർത്തിയെങ്കിലും അതിന് അനുസരിച്ച് വെള്ളം കൊടുക്കാൻ നിലവിലുള്ള സംവിധാനങ്ങൾക്കു ശേഷിയില്ലെന്നു എം എൽ എ ചൂണ്ടിക്കാട്ടി. കട്ടപ്പന, അയ്യപ്പൻകോവിൽ, കാഞ്ചിയാർ എന്നിവിടങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനായി 46 കോടിയുടെ കിഫ്ബി പദ്ധതിയ്ക്ക് എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായതായി സൂപ്രണ്ടിംഗ് എൻജിനീയർ അറിയിച്ചു. ജില്ലയിൽ കുടിവെള്ളക്ഷാമം നേരിടുന്ന മറ്റിടങ്ങളിൽ പുതിയ ജലവിതരണ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് സർവെ നടപടികൾ ആരംഭിക്കേണ്ടിയിരിക്കുന്നുവെന്ന് സൂപ്രണ്ടിംഗ് എൻജിനിയർ പറഞ്ഞു. സർവെയ്ക്കു മാത്രം ആറുമാസമെങ്കിലും വേണം. ഇതുവരെ മൊത്തം 132.01 കോടിയുടെ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.