ഇടുക്കി: മാർച്ച് 31ന് അവസാനിച്ച കാർഡമം രജിസ്‌ട്രേഷന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി സെ്പ്തംബർ 30 വരെ നീട്ടി. കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിന് ഇ.എസ്. ബിജിമോൾ എം.എൽ.എ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഏലം കർഷകർ യഥാസമയം കാർഡമം രജിസ്‌ട്രേഷന് അപേക്ഷ സമർപ്പിച്ച് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എം.എൽ.എ അറിയിച്ചു.
കുമളി പഞ്ചായത്തിലും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ
കുമളി: കൊവിഡ് പ്രതിരോധത്തിനായി കുമളി പഞ്ചായത്തിലും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജമാകുന്നു. ഇതിനായുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ച് വരികയാണെന്ന് പഞ്ചായത്ത് സെക്രട്ടറി സെൻകുമാർ കെ പറഞ്ഞു. പഞ്ചായത്തിൽ രണ്ടിടങ്ങളിലായാണ് പ്രാഥമികതല ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുന്നത്. മുമ്പ് പ്രവർത്തിച്ച് വരികയും പിന്നീട് പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്ത പെരിയാർ ആശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രമായി മാറ്റും. ഹോളിഡേ ഹോമിലാണ് മറ്റൊരു സെന്റർ ഒരുക്കുന്നത്. പെരിയാർ ആശുപത്രിയിൽ 100 ബെഡും ഹോളിഡേ ഹോമിൽ 54 ബെഡും ക്രമീകരിക്കും. സെന്റർ തുറക്കുന്നതിനായുള്ള ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. സെന്ററിലേക്ക് വേണ്ടുന്ന ജീവനക്കാരുടെ നിയമനകാര്യങ്ങൾ നടന്നു വരുന്നു. കുമളി മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് നിയമനകാര്യങ്ങൾ നടക്കുന്നത്. സെന്ററിന്റെ മേൽനോട്ട നടപടികൾക്കായി പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ് ചെയർപേഴ്‌സനായി മാനേജിംഗ് കമ്മറ്റി രൂപീകരിച്ചു. ഇന്റർനെറ്റ് സംവിധാനം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ചികിത്സാ കേന്ദ്രത്തിൽ സജ്ജമാക്കും. കേന്ദ്രത്തിൽ ശുചിമുറി സൗകര്യങ്ങൾ ക്രമീകരിച്ചതായും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സെന്റർ പൂർണമായി പ്രവർത്തനക്ഷമമാകുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
അടിമാലി: ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ പരിധിയിലെ അടിമാലി, കാന്തല്ലൂർ, മറയൂർ പഞ്ചായത്തുകളിലെ പട്ടികവർഗ സങ്കേതങ്ങളിലെ 18 നും 35 നും ഇടയിൽ പ്രായമുള്ള ബി.എഡ്, ടി.ടി.സി, പി.ജി, ബിരുദം, പ്ലസ്ടു, യോഗ്യതയുള്ള പട്ടിക വർഗ യുവതി യുവാക്കളിൽ നിന്നും ഫെസിലിറ്റേറ്റർ തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് ഏഴിനകം അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ആഫീസിലോ മറയൂർ ട്രൈബൽ എക്‌സ്‌റ്റെൻഷൻ ഓഫീസിലോ തപാൽ മുഖേന എത്തിക്കണം. പ്രതിമാസം 15,000 രൂപ. കൂടുതൽ വിവരങ്ങൾക്ക് 04864 224399.
ഇടുക്കി: തോപ്രാംകുടി,വാത്തിക്കുടി, പളിയക്കുടി, വഞ്ചിവയൽ എന്നീ കോളനികളിൽ ആരംഭിക്കുന്ന സാമൂഹ്യപഠന മുറികളിലേക്ക് ബി.എഡ്, ടി.ടി.സി, പി.ജി, ബിരുദം, പ്ലസ്ടു, യോഗ്യതയുള്ള പട്ടിക വർഗ യുവതീ യുവാക്കളിൽ നിന്ന് ഫെസിലിറ്റേറ്റർ തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തോപ്രാംകുടി, വാത്തിക്കുടി എന്നിവിടെയുള്ളവർ ആഗസ്റ്റ് അഞ്ചിനകം ഇടുക്കി ട്രൈബൽ എക്‌സ്‌റ്റെൻഷൻ ഓഫീസിലും പളിയക്കുടി, വഞ്ചിവയൽ എന്നിവിടെയുള്ളവർ ആഗസ്റ്റ് ഏഴിനകം പീരുമേട് ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിലും ജാതി, വരുമാനം,വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. പ്രതിമാസം 15000 .കൂടുതൽ വിവരങ്ങൾക്ക് 04862 222399.
അവസാന തീയതി നീട്ടി
ഇടുക്കി: കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ നൽകുന്ന വായ്പാപദ്ധതിയനുസരിച്ചുള്ള അപേക്ഷകൾ നൽകേണ്ട അവസാന തീയതി 15/08/2020 വരെ നീട്ടി.