ചെറുതോണി: നിലവാര തകർച്ചയും നിലപാടില്ലയ്മയും കൊണ്ട് ഇടുക്കി എം.പി മലയോര ജനതയ്ക്ക് ബാധ്യതയായി മാറിയിരിക്കുകയാണെന്ന് സി.പി.എം ജില്ലാ സെക്രേട്ടറിയറ്റ് പറഞ്ഞു. ഗാഡ്ഗിൽ–കസ്തൂരി രംഗൻ വിഷയത്തിൽ എതെങ്കിലും ഒരു നിലപാടിൽ ഉറച്ചുനിൽക്കാൻ തയ്യാറാകണം. അതും ശരിയാ ഇതും ശരിയാ മൂന്നാമത്തെയും ശരിയായെന്ന നിലപാട് ശുദ്ധ ഇരട്ടത്താപ്പാണ്. ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധി നിലപാടില്ലാതെ ചഞ്ചാടുന്നതിന്റെ തിക്തഫലം സർക്കാർ നിലപാടുകൾക്ക് കോടതിയിൽ തിരിച്ചടിയായി മാറിയാൽ കോൺഗ്രസ് പാർട്ടി മറുപടി പറയേണ്ടി വരും.
കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ സംസ്ഥാന സർക്കാരിന് കൃത്യതയാർന്ന നിലപാടുണ്ട്. ഡീൻ കുര്യാക്കോസ് എം.പി യാകുന്നതിന് മുമ്പുതന്നെ കേരള സർക്കാരിന്റെ നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടുള്ളതാണ്. ഒരു ജനപ്രതിനിധിക്ക് ഏറ്റവും അടിസ്ഥാനപരമായി വേണ്ടത് വിശ്വസ്തതയാണ്. ഇടുക്കി എം.പിക്ക് ഇല്ലാത്തത് അതുതന്നെയാണ്. മണ്ഡലത്തിലെ ദേശീയപാത നിർമാണം നിലച്ചു.പുതിയ ഗ്രാമീണ റോഡുകളില്ല. ടൂറിസം വികസനം മരവിച്ചു. കേന്ദ്ര പദ്ധതികൾ ഇടുക്കിക്ക് കിട്ടാകനിയായി മാറി. വികസന രംഗത്തും സാമൂഹ്യപ്രശ്നങ്ങളിലെ ഇടപെടലുകളിലും വട്ടപൂജ്യമായി മാറിയ എം.പി സമ്പൂർണ പരാജിതനാണെന്ന് ഒരു വർഷംകൊണ്ട് തന്നെ തെളിയിച്ചുകഴിഞ്ഞുവെന്നും ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു.