ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം ഏഴാം നാളായ ഞായർ വിശ്രമിച്ചതായി ബൈബിളിൽ പറയുന്നുണ്ട്. ആഴ്ചയിൽ ആറും ദിവസം ജോലി ചെയ്ത മനുഷ്യനും അങ്ങനെ ഒരു ദിവസം വിശ്രമത്തിനായി മാറ്റിവച്ചു. ക്രിസ്തുമതം ലോകം മുഴുവൻ പടർന്നപ്പോൾ അറബ് രാജ്യങ്ങളിലൊഴികെ ഞായർ ഒഴിവു ദിനമായി. ഇന്ത്യയിൽ ക്രിസ്തുമത വിശ്വാസികൾ കുറവായിരുന്നെങ്കിലും ബ്രിട്ടീഷ് ഭരണം ഞായർ പൊതുഅവധിയാക്കി മാറ്റി. എന്നാൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ചൊവ്വാഴ്ച അവധിയെടുക്കുന്ന ഒരു കൂട്ടരുണ്ട് ഇപ്പോഴും നാട്ടിൻപുറങ്ങളിൽ. അത് മുടിയും താടിയും മോടിപിടിപ്പിക്കുന്ന ബാർബർ ഷോപ്പുകാരാണ്. നഗരങ്ങളിൽ ബ്യൂട്ടിപാർലറുകൾ വ്യാപകമായതോടെ ഇതിന് ചെറിയ മാറ്റം വന്നെങ്കിലും ഇപ്പോഴും ഭൂരിഭാഗം പ്രദേശങ്ങളിലും ചൊവ്വാഴ്ച അവരുടെ ഒഴിവ് ദിനമാണ്. എന്നാൽ ഇടുക്കിയിൽ ഇപ്പോൾ ചൊവ്വാഴ്ച തന്നെ അവധിയെടുക്കുന്ന മറ്റൊരു കൂട്ടരുമുണ്ടത്രേ. അത് മറ്റാരുമല്ല, ലോകം മുഴുവൻ കിടുകിടാ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊടുംഭീകരൻ കൊറോണ വൈറസ് തന്നെ. പറഞ്ഞത് സത്യമാണോയെന്ന് സംശയമുണ്ടെങ്കിൽ ഇടുക്കിയിലെ കൊവിഡ് രോഗികളുടെ എണ്ണം നോക്കൂ. സാധാരണ ദിവസങ്ങളിൽ സമ്പർക്കരോഗികളടക്കം മുപ്പതും അമ്പതും പേർക്ക് കൊവിഡ് സ്ഥിരീകരിക്കുമ്പോൾ ചൊവ്വാഴ്ച വ്യത്യസ്തമാണ് സ്ഥിതി. കാറ്റ് വീശിയാൽ ആറോ ഏഴോ പേരുണ്ടാകും. മിക്ക ചൊവ്വാഴ്ചകളിലും ആരും തന്നെ ഉണ്ടാകാറില്ല. വിശ്വാസം വരുന്നില്ലേ, ഈ മാസത്തെ കണക്ക് നമുക്കൊന്ന് പരിശോധിക്കാം. ജൂലായ് ഏഴിന് ചൊവ്വാഴ്ച ഇടുക്കിയിൽ ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതുകഴിഞ്ഞ് തുടർച്ചയായ രണ്ട് ദിവസവും 20 പേർക്ക് വീതം രോഗം സ്ഥിരീകരിച്ചു. അടുത്ത ചൊവ്വാഴ്ചയായ 14ന് കൊറോണ പൂർണ വിശ്രമമായിരുന്നെന്ന് തോന്നുന്നു. ആർക്കും രോഗം സ്ഥിരീകരിച്ചില്ല. എന്നാൽ അതുകഴിഞ്ഞ അടുത്ത രണ്ട് ദിവസങ്ങളിൽ 55ഉം 26ഉം രോഗികൾ വീതമുണ്ടായിരുന്നു. 19ന് 49 ഉം 20ന് 23 ഉം രോഗികളുണ്ടായിരുന്നെങ്കിൽ ചൊവ്വാഴ്ചയായ 21ന് ഒറ്റ രോഗികൾ പോലുമില്ല. ഇങ്ങനെയാണ് എല്ലാ ചൊവ്വാഴ്ചകളിലെയും സ്ഥിതി. ചൊവ്വാഴ്ച അവധിയെടുത്തിട്ട് ബാക്കിയുള്ള ദിവസങ്ങളിൽ പൂർവാധികം ശക്തിയോടെ വൈറസ് ജോലി ചെയ്യുന്നതായാണ് കാണാൻ കഴിയുന്നത്. കർക്കടക വാവായിരുന്നതിനാൽ പിതൃക്കൾക്ക് ബലിയിടാൻ പോയതാണെന്ന് വരെ ചില വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റികളിൽ പ്രബന്ധം അവതരിപ്പിക്കപ്പെട്ടു. ഒടുവിൽ കൊറോണ തന്നെ നേരിട്ട് വാർത്താസമ്മേളനം വിളിച്ച് നിരപരാധിത്വം ബോധ്യപ്പെടുത്തുമെന്ന അവസ്ഥ വന്നപ്പോൾ സത്യം പുറത്തുവന്നു.
അവധി ചൊവ്വയല്ല തിങ്കളാ...
മറ്റ് ജില്ലകളിൽ മിക്കതിലും കൊവിഡ് പരിശോധനാ ലാബ് ഉണ്ടെങ്കിലും ഇടുക്കിയിൽ അങ്ങനെയൊന്നില്ല. ഇടുക്കിയിലുള്ളവരുടെ സ്രവമെടുത്ത ശേഷം കോട്ടയത്തെ തലപ്പാടി ലാബിലാണ് പരിശോധനയ്ക്ക് അയക്കുന്നത്. എന്നാൽ എല്ലാ തിങ്കളാഴ്ച ദിവസവും ഈ ലാബ് ക്ലീനിംഗിനായി അടയ്ക്കും. അതുകൊണ്ട് അന്ന് സ്രവപരിശോധനയൊന്നും നടക്കില്ല. ചൊവ്വാഴ്ച ഉച്ചവരെ പരിശോധിക്കുന്നതിൽ എന്തെങ്കിലും പോസിറ്റീവ് കേസുകൾ ഉണ്ടെങ്കിൽ അത് വൈകിട്ട് പ്രഖ്യാപിക്കും. പലപ്പോഴും ഒന്നും ഉണ്ടാകാറില്ല. ഇതാണ് ഇടുക്കിയിലെ കൊവിഡ് രോഗികളുടെ എണ്ണം എല്ലാ ചൊവ്വാഴ്ചയും കുറഞ്ഞുപോകുന്നത്. എന്നാൽ തിങ്കളാഴ്ച ദിവസം കോട്ടയത്തുള്ളവരുടെ സ്രവം ആലപ്പുഴ ലാബിൽ പരിശോധിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. സമ്പർക്കരോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്ന പിന്നാക്ക ജില്ലയായ ഇടുക്കിയോട് അക്കാര്യത്തിലും അവഗണന മാത്രം.
ഉദ്ഘാടനം കഴിഞ്ഞല്ലോ ...
ഇടുക്കി മെഡിക്കൽ കോളേജിലെ കൊവിഡ് പരിശോധനയ്ക്കുള്ള പി.സി.ആർ ടെസ്റ്റ് ലാബ് ഡീൻ കുര്യക്കോസ് എം.പി ഉദ്ഘാടനം ചെയ്തിട്ട് മൂന്നാഴ്ചയാകുന്നു. എന്നാൽ ഇതുവരെ ലാബ് പ്രവർത്തനം ആരംഭിച്ചിട്ടില്ല. ചത്ത കുഞ്ഞിന്റെ ജാതകമെഴുതുന്ന പോലെ പ്രവർത്തിക്കാത്ത ലാബിൽ ഉദ്ഘാടന പ്രഹസനം എന്തിന് നടത്തിയെന്ന് മാത്രം മനസിലാകുന്നില്ല. അതേസമയം ഇടുക്കിയിലെ പി.സി.ആർ ടെസ്റ്റ് ലാബിൽ അടുത്തയാഴ്ച മുതൽ കൊവിഡ്- 19 പരിശോധന നടത്താനാകുമെന്നാണ് ഇടുക്കി ജില്ലാ കളക്ടർ എച്ച്. ദിനേശൻ കേരളകൗമുദിയോട് പറഞ്ഞത്. വർക്ക് സ്റ്റേഷൻ കൂടി ഘടിപ്പിച്ചാൽ മെഡിക്കൽ കോളേജിലെ പി.സി.ആർ ടെസ്റ്റ് ലാബ് പൂർണ സജ്ജമാകും. ഇത് ഘടിപ്പിച്ച ശേഷം സാമ്പിൾ ടെസ്റ്റ് നടത്തും. ഇതിന് ശേഷം ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസേർച്ചിന്റെ (ഐ.സി.എം.ആർ) അനുമതി കൂടി ലഭിച്ചാൽ ലാബ് പ്രവർത്തനം ആരംഭിക്കാനാകുമെന്ന് അദ്ദേഹം പറയുന്നു. എന്തായാലും ഒരു കാര്യം പറയാതെ വയ്യ, കൊറോണ വൈറസിന് ആഴ്ചയിലൊരിക്കൽ വിശ്രമിക്കാൻ അവസരം കൊടുത്താൽ നമ്മുടെ അന്ത്യവിശ്രമത്തിന് വലിയ താമസമുണ്ടാകില്ല.