തൊടുപുഴ: നാലു കോടിയിലധികം രൂപ മുടക്കി അഞ്ചുവർഷം മുമ്പ് പണിതിരിക്കുന്ന കാഞ്ഞിരമറ്റം പാലം ഇനിയും ഗതാഗത യോഗ്യമാക്കിയിട്ടില്ലാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് (എം) പ്രത്യക്ഷസമരപരിപാടികളിലേക്ക് നീങ്ങുകയാണെന്ന് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജൂണിഷ് അഗസ്റ്റിൻ കള്ളിക്കാട്ട് അറിയിച്ചു. കെ.എം. മാണി ഭവനിൽ ചേർന്ന യൂത്ത് ഫ്രണ്ട് (എം)​ നിയോജക മണ്ഡലം കമ്മിറ്റിയാണ് സമരപരിപാടി പ്രഖ്യാപിച്ചത്. ആനയെ വാങ്ങാം തോട്ടി വാങ്ങാൻ കഴിയില്ല എന്നു പറഞ്ഞത് പോലെയാണ് കാഞ്ഞിരമറ്റം പാലത്തോട് അധികൃതർ കാണിക്കുന്ന അവഗണന. അപ്രോച്ച് റോഡില്ലാതെ പാലം പ്ലാൻ ചെയ്ത് പൊതുഖജനാവിൽ നിന്ന് കോടികൾ പാഴാക്കിയവർക്കെതിരെ ശക്തമായ ജനരോഷം ഉയർന്നു വരേണ്ടതായിട്ടുണ്ടെന്നും എങ്കിൽ മാത്രമേ പ്രശ്‌നത്തിനു പരിഹാരമുണ്ടാവുകയുള്ളുവെന്നും കമ്മിറ്റി അഭിപ്രായപെട്ടു. കേരളാ കോൺഗ്രസ് (എം)​ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്ത യോഗത്തിൽ അഡ്വ. പി.കെ. മധു നമ്പൂതിരി, ജോമി കുന്നപ്പിള്ളിൽ, സിബി കോടമുള്ളിൽ, ജെഫിൻ കൊടുവേലിൽ, ജസ്റ്റിൻ ചെമ്പകത്തിനാൽ, റിജോ ഇടമനപറമ്പിൽ, ആന്റോ ഓലിക്കരോട്ട്, ലാൽ കൊടുവേലിൽ, വിജയ് ചേലാക്കണ്ടം തുടങ്ങിയവർ പ്രസംഗിച്ചു.