news
കേരളകൗമുദിയിൽ ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത

 കുടുംബശ്രീ ഹോട്ടലിനെ മാറ്റി മറ്റൊരു സ്ഥാപനത്തിന് ചുമതല നൽകും

കട്ടപ്പന: കട്ടപ്പനയിലെ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രത്തിൽ രോഗികൾക്ക് ചെള്ള് നിറഞ്ഞതും പഴകിയതുമായ ഭക്ഷണം വിതരണം ചെയ്ത സംഭവത്തിൽ ഇടുക്കി ജില്ലാ കളക്ടറുടെ നടപടി. ഭക്ഷണ വിതരണം ചെയ്തുവന്ന കുടുംബശ്രീ ജനകീയ ഹോട്ടലിനെ ചുമതലയിൽ നിന്നു നീക്കി. നിലവിൽ ഭക്ഷണ വിതരണത്തിനു ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ മുതൽ മറ്റൊരു സ്ഥാപനത്തിൽ നിന്നു ഭക്ഷണം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കളക്ടർ എച്ച്. ദിനേശൻ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകി. രോഗികൾക്കും ചികിത്സ കേന്ദ്രത്തിലെ ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും ഭക്ഷണത്തിനായി പ്രതിദിനം 20,000ൽപ്പരം രൂപ ചെലവഴിച്ചിട്ടും കുടുംബശ്രീ ജനകീയ ഹോട്ടൽ നടത്തിപ്പുകാർ വീഴ്ച വരുത്തിയതിൽ കട്ടപ്പന നഗരസഭ ഭരണസമിതിക്കും അമർഷമുണ്ട്. നിലവിൽ ചികിത്സയിലുള്ള 60 പേർക്ക് ജനകീയ ഹോട്ടലിൽ നിന്നാണ് ഭക്ഷണം വിതരണം ചെയ്തിരുന്നത്. കഴിഞ്ഞ 26നാണ് നൽകിയ ഭക്ഷണത്തിൽ ചെള്ളിനെ കണ്ടെത്തിയത് വലിയ പ്രതിഷേധത്തിനു വഴിതെളിച്ചിരുന്നു. സംഭവത്തിൽ നഗരസഭ, കുടുംബശ്രീ പ്രവർത്തകർക്ക് താക്കീതും നൽകിയിരുന്നു. എന്നാൽ വ്യാഴാഴ്ച രാത്രിയിൽ വീണ്ടും പഴകിയ ഭക്ഷണം നൽകിയതോടെ രോഗികൾ കളക്ടറെ ഫോണിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു. തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം കട്ടപ്പന വില്ലേജ് ആഫീസറുടെ നേതൃത്വത്തിൽ പുറത്തുനിന്ന് ഭക്ഷണം എത്തിച്ചുനൽകി. കുടുംബശ്രീ ജനകീയ ഹോട്ടൽ തുടർച്ചയായി വീഴ്ച വരുത്തിയതോടെയാണ് ഇവരെ മാറ്റാൻ തീരുമാനിച്ചത്.

പ്രവർത്തനം അനുമതിയില്ലാതെ

നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ അനുമതിയില്ലാതെയാണ് രണ്ടുമാസത്തിലധികമായി കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. ഫോർത്തൂനാത്തൂസ് മാനസികാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച ഫസ്റ്റ് ലൈൻ സെന്ററിൽ നഗരസഭയുടെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്കായി മെച്ചപ്പെട്ട സൗകര്യമൊരുക്കിയിട്ടും ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകിയത് ഏറെ വിമർശനത്തിനിടയാക്കിയിരുന്നു. തുടർച്ചയായി മോശം ഭക്ഷണം നൽകിയതിനെ തുടർന്ന് രോഗികൾ ചിത്രങ്ങൾ സഹിതം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.