ഇടുക്കി: കൊവിഡ് പ്രതിരോധ രംഗത്ത് കർമനിരതനായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്നെ രോഗം ബാധിച്ച് മരിച്ചത് നാടിന്റെയാകെ നൊമ്പരമായി മാറി. കഴിഞ്ഞ ദിവസം രാത്രി കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ മരണത്തിന് കീഴടങ്ങിയ ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ പൂച്ചപ്ര വരമ്പനാൽ വി.ടി അജിതന് (55) ജന്മനാട് കണ്ണീരോടെ വിടനൽകി.
വിദ്യാർത്ഥികളായ മക്കളെ നല്ല നിലയിൽ എത്തിക്കണമെന്ന ആഗ്രഹം പൂർത്തീകരിക്കാനാവാതെയാണ് അജിതൻ യാത്രയായത്. തൊടുപുഴ പൂച്ചപ്ര സ്വദേശിയാണെങ്കിലും ജീവിതത്തിന്റെ നല്ലകാലമത്രയും ചെലവഴിച്ചത് ഇടുക്കിയിലെ മലയോരത്താണ്. അജിതൻ ജോലിയിൽ കർക്കശക്കാരനായിരുന്നെങ്കിലും ജനങ്ങളോട് അലിവുള്ളവനായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. 1990ൽ ഇടുക്കി എ.ആർ ക്യാമ്പിലെത്തിയ ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ഇടുക്കിയിൽ തന്നെയായിരുന്നു. 2018ലെ പ്രളയകാലത്ത് രാപകലുകളില്ലാതെ ജോലിചെയ്ത് ജനഹൃദയങ്ങളിൽ ഇടം പിടിച്ച മനുഷ്യ സ്‌നേഹികൂടിയായിരുന്നു. നല്ല വോളിബോൾ കളിക്കാരനുമായിരുന്നു. ഇടുക്കി സ്റ്റേഷനിലും കഞ്ഞിക്കുഴിയിലും എസ്.ഐ ആയിരുന്നു. കഞ്ഞിക്കുഴി സ്റ്റേഷനിലെ സബ്ഇൻസ്‌പെക്ടറായിരിക്കെ ഏതാനും നാളുകൾക്ക് മുമ്പാണ് ഇദ്ദേഹത്തെ വർക്കിംഗ് അറേജ്‌മെന്റിന്റെ പേരിൽ ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐയായി നിയമിച്ചത്. ജനപ്രിയ പൊലീസ് ഉദ്യോഗസ്ഥന് നാട്ടുകാരുടെയും പൊലീസിന്റെയും കണ്ണീരിൽ കുതിർന്നയാത്രമൊഴിയാണ് നൽകിയത്.
ഇന്നലെ രാവിലെ 10.30ന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം ഔദ്യോഗിക ബഹുമതികൾക്ക് ശേഷം തൊടുപുഴ പൂച്ചപ്രയിലെ വീട്ടുവളപ്പിൽ ദഹിപ്പിക്കുമ്പോൾ ആദരമർപ്പിച്ച് ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. കൊവിഡ് ചികത്സയിലുള്ള മകളെ പി.പി.ഇ കിറ്റ് ഉൾപ്പെടെ ധരിപ്പിച്ചാണ് സംസ്കാര സ്ഥലത്ത് എത്തിച്ചത്. ഭാര്യയ്ക്കും മക്കൾക്കും പോലും അകലെനിന്ന് കാണാൻ മാത്രമെ അനുവാദമുണ്ടായിരുന്നുള്ളൂ. ഭാര്യ: രമണി മക്കൾ അക്ഷയ (ബിരുദ വിദ്യാർത്ഥിനി), അബിൻ( ഹയർ സെക്കൻഡറി വിദ്യാർത്ഥി).