obitajithan

ചെറുതോണി: കൊവിഡ്​ ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എസ്.ഐ മരിച്ചു. ഇടുക്കി, കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ പൂച്ചപ്ര വരമ്പനാൽ വീട്ടിൽ വി.പി. അജിതനാണ് (55) മരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിക്കുന്നത്.

ആലപ്പുഴ എൻ.ഐ.വി ലാബിലെ പരിശോധനാഫലം വന്നാലേ ഔദ്യോഗികമായി സ്ഥിരീകരിക്കൂ. പൈനാവിലെ പി.ഡബ്ലിയു.ഡി ക്വാർട്ടേഴ്സിൽ താമസിക്കുന്ന അജിതൻ ദീർഘനാളായി ഹൃദ്രോഗത്തിന് മരുന്നു കഴിക്കുന്നുണ്ടായിരുന്നു. അജിതനും ചെറുതോണിയിൽ ബ്യൂട്ടിപാർലർ നടത്തുന്ന ഭാര്യ രമണിക്കും മകൾ അക്ഷയയ്ക്കും ജൂലായ് 23നാണ് രോഗം സ്ഥിരീകരിച്ചത്. ബ്യൂട്ടി പാർലറിലെത്തിയ രോഗിയിൽ നിന്നാണ് രമണിക്ക് കൊവിഡ് ബാധിച്ചത്. തുടന്ന് മൂന്നുപേരെയും ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ മൂന്ന് വർഷം മുമ്പ് ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനായ അജിതന്റെ നില വഷളായതോടെയാണ് തിങ്കളാഴ്ച കോട്ടയത്തേക്ക് മാറ്റിയത്.

വിദഗ്ദ്ധ ചികിത്സ നൽകിയിട്ടും സ്ഥിതി ഗുരുതരമായി തുടർന്നതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മുൻ പോസ്റ്റൽ ജീവനക്കാരനായ പരമേശ്വരന്റെയും സരോജിനിയുടെയും മകനാണ്. ഔദ്യോഗിക ബഹുമതികളോടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പൂച്ചപ്രയിലെ വീട്ടിൽ ഇന്നലെ രാവിലെ 10.30ന് മൃതദേഹം സംസ്‌കരിച്ചു. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.