തൊടുപുഴ: കൺസ്യൂമർഫെഡിന് കീഴിലുള്ള തൊടുപുഴയിലെ ത്രിവേണി സൂപ്പർമാർക്കറ്റിൽ നാല് ലക്ഷത്തിലേറെ രൂപയുടെ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കൺസ്യൂമർഫെഡിന് കീഴിലുള്ള ഇൻസ്‌പെക്ഷൻ ടീം ഇന്നലെ സൂപ്പർമാർക്കറ്റിലെത്തി അന്വേഷണം നടത്തി. നാല് ലക്ഷത്തിലേറെ രൂപയുടെ ക്രമക്കേട് ഉണ്ടായെന്ന കാര്യം പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങളുടെ അളവിലാണ് വലിയ വ്യത്യാസം കണ്ടത്. ക്രമക്കേടിന് പിന്നിൽ ഉത്തരവാദികൾ ആരൊക്കെയാണെന്നതാണ് ഇനി അറിയേണ്ടത്. അന്വേഷണറിപ്പോർട്ട് നാളെ തനിക്ക് സമർപ്പിക്കാൻ അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൺസ്യൂമർഫെഡ് എം.ഡി വി.എം. മുഹമ്മദ് റഫീക് പറഞ്ഞു. ജീവനക്കാർ കുറ്റക്കാരാണെന്ന് കണ്ടാൽ തീർച്ചയായും നടപടിയുണ്ടാകും. നഷ്ടപ്പെട്ട പണം കുറ്റക്കാരിൽ നിന്ന് ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായർ,​ തിങ്കൾ ദിവസങ്ങളിൽ കൺസ്യൂമർഫെഡിന്റെ തന്നെ വിജിലൻസ് സംഘം സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് സാധനങ്ങളിൽ വൻതോതിലുള്ള കുറവ് കണ്ടെത്തിയത്. തുടർന്ന് മാനേജരടക്കം എല്ലാ ജീവനക്കാരോടും താത്കാലികമായി ജോലിയിൽ നിന്ന് മാറി നിൽക്കാൻ റീജിയണൽ മാനേജർ അനിൽ സക്കറിയ ആവശ്യപ്പെടുകയായിരുന്നു. രണ്ട് സ്ഥിരം ജീവനക്കാരടക്കം ആറ് പേരാണ് സൂപ്പർമാറ്റിൽ ജോലി ചെയ്യുന്നത്. നിലവിൽ കൺസ്യൂമർ ഫെഡിന്റെ കീഴിലുള്ള മദ്യശാലകളിലുള്ള ജീവനക്കാരെ ഉപയോഗിച്ചാണ് സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്.