hacked

കട്ടപ്പന: വൈദ്യുതി ബോർഡിന്റെ വെബ്‌സൈറ്റ് കേരളത്തിലെ ഹാക്കർമാരുടെ കൂട്ടായ്മയായ കെ. ഹാക്കേഴ്സ് ഹാക്ക് ചെയ്ത് മൂന്നുലക്ഷം പേരുടെ വിവരങ്ങൾ ചോർത്തി. സൈറ്റിന്റെ പോരായ്മ ചൂണ്ടിക്കാട്ടുന്നതിനാണ് ഹാക്ക് ചെയ്തത്. കേരളത്തിലെ ഹാക്കർമാരുടെ കൂട്ടായ്മയായ കെ. ഹാക്കേഴ്സാണ് വൈദ്യുതി ബോർഡിന്റെ വെബ്‌സൈറ്റിന്റെ പോരായ്മ ചൂണ്ടിക്കാട്ടുന്നതിനായി വിവരങ്ങൾ ചോർത്തി പുറത്തുവിട്ടത്. അഞ്ചുകോടി രൂപയുടെ ഡിജിറ്റൽ രേഖകളാണ് കൈവശമുള്ളതെന്നും ഇത് വിൽക്കുന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്നും കെ. ഹാക്കേഴ്സിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഉപയോക്താവിന്റെ പേര്, കൺസ്യൂമർ നമ്പർ, ജില്ല, അടയ്ക്കാനുള്ള തുക തുടങ്ങിയ വിവരങ്ങളാണ് ചോർത്തിയത്. ഇതിൽ 1249 പേരുടെ വിവരങ്ങൾ ഹാക്കർമാർ തന്നെ പുറത്തുവിട്ടിട്ടുണ്ട്.

കെ.എസ്.ഇ.ബിയുടെ വെബ്‌സൈറ്റ് തുറന്ന പുസ്തകമാണെന്നാണ് ഹാക്കർമാരുടെ പരിഹാസം. ഉപയോക്താക്കളുടെ ഇത്രയും വിവരങ്ങൾ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിൽ ഉണ്ടോയെന്നു അറിയാൻ വിളിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. മൂന്നു ലക്ഷം പേരുടെ വിവരങ്ങൾ ചോർത്തിയിട്ടും കെ.എസ്.ഇ.ബിയിലെ ആരും അറിഞ്ഞില്ലെന്നും ഹാക്കർമാർ പറയുന്നു.

മൂന്നുമാസത്തിനുള്ളിൽ കെ.എസ്.ഇ.ബിയുടെ വെബ്‌സൈറ്റ് വീണ്ടും ഡിസൈൻ ചെയ്യണമെന്നും ഇല്ലെങ്കിൽ കൂടുതൽ വിവരചോർച്ച ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്നു മണിക്കൂർ കൊണ്ട് ഹാക്ക് ചെയ്തതിന്റെ വീഡിയോയും ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.