 ഫലം വരാതെ അഞ്ചിലേറെ ദിനങ്ങൾ

തൊടുപുഴ: കൊവിഡ് ബാധിച്ച് പൊലീസ് ഉദ്യോഗസ്ഥൻ വരെ മരിക്കുന്ന സാഹചര്യത്തിലെത്തിയിട്ടും ജില്ലയിൽ സ്രവ പരിശോധനാഫലം പതിവിലും വൈകുന്നു. ജില്ലാ ആശുപത്രിയിൽ നിന്നെടുത്ത 225 സാമ്പിളുകൾ അയച്ചിട്ട് അഞ്ച് ദിവസത്തിൽ കൂടുതലായിട്ടും ഇതുവരെ ഫലം വന്നില്ല. ഇതുകൊണ്ടാണ് ജില്ലയിൽ ഇന്നലെ കൊവിഡ് രോഗികളുടെ എണ്ണം 14ൽ ഒതുങ്ങിയത്,​ അല്ലാതെ രോഗികൾ കുറ‌ഞ്ഞതല്ല. ജില്ലാ ആസ്ഥാനത്തടക്കം കൊവിഡ് ‌രോഗികളുടെ എണ്ണം വർധിക്കുമ്പോഴാണ് ഇത്രയും സാമ്പിളുകളുടെ ഫലം വരാത്തത്. കഴിഞ്ഞ 28, 29, 30 തിയതികളിലായാണ് സാമ്പിളുകൾ ശേഖരിച്ചത്. ശനിയാഴ്ച പരിശോധന ഫലം എത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും എത്തിയില്ല. രോഗം സംശയിക്കുന്നവർ, ലക്ഷണങ്ങളുള്ളവർ എന്നിവരുടെ ഫല മടക്കമാണ് വൈകുന്നത്. 600ന് മുകളിൽ സാമ്പിളുകളാണ് ജില്ലയിൽ ഓരോ ദിവസവും പരിശോധനയ്ക്കായി എടുക്കുന്നത്. നേരത്തേ രണ്ട് ദിസമായിരുന്നു താമസമെങ്കിൽ ഇപ്പോളത് നാലും അഞ്ചും ദിവസമായി. വിദേശത്ത് നിന്ന് വരുന്നവരടക്കമുള്ളവരും അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരും വീട്ടിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവർക്ക് പ്രത്യേക മുറിയും മറ്റും നൽകുന്നുണ്ടെങ്കിലും ഇവർക്ക് രോഗം പിടിപ്പെട്ടാൽ കുടുംബത്തിലെ മറ്റ് പലർക്കും പകരുമെന്ന ആശങ്ക നില നിൽക്കുന്നു. സമ്പർക്കപ്പട്ടികയിലുള്ളവരുടെ സ്രവം എടുത്തശേഷം അവരെ നിരീക്ഷണത്തിൽ പാർപ്പിക്കുകയാണ് ചെയ്യുന്നത്. ഈ സമയത്ത് നിരീക്ഷണത്തിൽ കഴിയുന്നയാളുടെ രണ്ടാം സമ്പർക്ക പട്ടികയിൽപ്പെട്ടവർ പുറത്ത്‌പോകുന്നുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നയാളുടെ ഫലം വരുമ്പോൾ പോസിറ്റീവാണെങ്കിൽ രോഗവ്യാപനത്തിന് ഇത് ഇടയാക്കും. പരിശോധന ഫലം വൈകുന്നതിൽ ഉറവിടം അറിയാത്ത കേസുകളുമുണ്ട്.

പ്രധാന കാരണം ലാബ് സജ്ജമാകാത്തത്
ജില്ലയിൽ പി.സി.ആർ പരിശോധനയ്ക്ക് ലാബില്ലാത്തതാണ് ഫലം വൈകുന്നതിന് പ്രധാന കാരണം. ഇടുക്കിയിലുള്ളവരുടെ സ്രവം പരിശോധിക്കുന്നത് ‌കോട്ടയം തലപ്പാടിയിലെ ലാബിലാണ്. കോട്ടയത്തെ സാമ്പിളുകൾ മെഡിക്കൽ കോളേജിലും തലപ്പാടിയിലും പരിശോധിക്കുന്നുണ്ട്. ഇതിനു പുറമേയാണ് ഇടുക്കിയിലേതും. ആഴ്ചയിലൊരു ദിവസം ക്ലീനിങ്ങിനും മറ്റുമായി ലാബ് അടച്ചാൽ ജില്ലയിൽ പരിശോധന ഫലം വരാത്ത സാഹചര്യമാണ്. കൂടാതെ കഴിഞ്ഞ ദിവസത്തെ സെർവർ തകരാറിനെ തുടർന്നും ഫലങ്ങൾ വൈകി.

'പരിശോധന ഫലങ്ങൾ അധികം വൈകാറില്ല. ഒരാഴ്ചക്കുള്ളിൽ ഇടുക്കിയിൽ ലാബ് പ്രവർത്തന സജ്ജമാകും. ഇതോടെ പ്രശ്ന പരിഹാരം ഉണ്ടാകും."

​​-ജില്ലാ കളക്ടർ എച്ച്. ദിനേശൻ