തൊടുപുഴ: കാൽ വഴുതി തൊടുപുഴയാറ്റിലെ ഒഴുക്കിൽപ്പെട്ട വൃദ്ധനെ വിദ്യാർത്ഥികൾ രക്ഷിച്ചു. പുറപ്പുഴ വള്ളിക്കെട്ട് സ്വദേശി കുഞ്ഞപ്പനെയാണ് (76) സ്കൂൾ കുട്ടികൾ സാഹസികമായി രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ചാഴികാട്ട് ആശുപത്രി പരിസരത്താണ് കുഞ്ഞപ്പൻ ഒഴുക്കിൽപ്പെട്ടത്. ആശുപത്രിയിൽ രോഗിയെ സന്ദർശിക്കാൻ എത്തിയ കുഞ്ഞപ്പൻ പുഴയിൽ കാൽ കഴുകാനിറങ്ങിയപ്പോൾ നദിയിലേക്ക് വീഴുകയായിരുന്നു. ഇതു കണ്ടു നിന്നവർ സമീപത്തെ കടവിൽ കുളിക്കുകയായിരുന്ന കുട്ടികളോട് വിവരം പറഞ്ഞു. ഉടൻ തന്നെ ഇവർ പുഴയിൽ ചാടി മധ്യഭാഗത്തൂടെ ഒഴുകിപ്പോകുകയായിരുന്ന കുഞ്ഞപ്പനെ വലിച്ച് മറുകരയിൽ എത്തിച്ചു. തുടർന്ന് വൃദ്ധനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. റിവർവ്യൂ റോഡിൽ താമസിക്കുന്ന വിദ്യാർത്ഥികളായ അഭിഷേക് പി. റെജി, ഡെറിക് കുര്യൻ, ജറിൻ കെ. ജോൺ, വി.എസ്. അരുൺ, ഫെബിൻ വടക്കേക്കര എന്നിവരാണ് പുഴയിൽ ചാടി കുഞ്ഞപ്പനെ സാഹസികമായി കരയിലെത്തിച്ച് രക്ഷപ്പെടുത്തിയത്.