ബ്രദർ ഹൗസിന് മുന്നിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടി

മറയൂർ: കാന്തല്ലൂരിലെ ബ്രദേഴ്‌സ് ഹൗസിന്റെ മുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയതിനും മുള്ളൻ പന്നിയെ കെണിവച്ച് പിടികൂടിയതിനും മാനേജർ സഹായരാജിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. സ്‌കൂൾ, ഹോസ്റ്റർ ആരാധാനാലയം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ നടത്തുന്ന സേക്രട്ട് ഹാർട്ട് ബ്രദേഴ്‌സ് ഹൗസ് മാനേജരുടെ വീട്ടിലാണ് മുള്ളൻ പന്നിയും കഞ്ചാവ് ചെടിയും കണ്ടെത്തിയത്. പുറത്ത് നിന്ന് ആർക്കും പ്രവേശനില്ലാത്ത വീട്ടിനുള്ളിൽ മുള്ളൻ പന്നി പോലുള്ള മൃഗങ്ങളെ കെണിവച്ച് പിടികൂടുന്നതായി കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിൽ രഹസ്യ സന്ദേശം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് മാനേജർ അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെ മുള്ളൻ പന്നിയെ കെണിവച്ച് പിടിച്ചതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കാന്തല്ലൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. സന്ദീപിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വലിയ ഉയരമുള്ള ഇരുമ്പ് കെണിയൊരുക്കി മുള്ളൻ പന്നിയെ കൂടിനുള്ളിൽ ഇട്ടിരിക്കുന്നത് കണ്ടത്. വനപാലകർ പരിസരത്ത് നടത്തിയ തിരച്ചിലിലാണ് ബ്രദർ ഹൗസിന്റെ മുന്നിൽ നട്ടുവളർത്തിയ 160 സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയും കണ്ടത്തിയത്. കഞ്ചാവ് ചെടി കണ്ടെത്തിയതിനെ തുടർന്ന്
വനപാലകർ എക്‌സൈസ് സംഘത്തെ വിവരം അറിയിക്കുകയും എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ.ആർ. സത്യന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം സ്ഥലത്തെത്തി കഞ്ചാവ് നട്ടുവളർത്തിയതിന് കേസെടുത്തു. വനപാലകർ മാനേജരെ മുള്ളൻ പന്നിയെ പിടികൂടിയ കേസിൽ കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ നിന്ന് എക്‌സൈസ് സംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ നടപടികൾ ആരംഭിച്ചു. എക്‌സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടി എന്ന് സംശയിക്കുന്ന ഉണങ്ങിയ കുറ്റികൾ കണ്ടെത്താൻ സാധിച്ചു. 1949 കാലം മുതൽ പ്രവർത്തിച്ചു വരുന്ന സ്‌കൂൾ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളാണ് സേക്രട്ട് ഹേർട്ട് ബ്രദേഴ്‌സ് നടത്തി വരുന്നത് . തമിഴ്‌നാട് പോണ്ടിച്ചേരി സ്വദേശിയായ സഹായ രാജ് രണ്ടു വർഷം മുൻപാണ് കാന്തല്ലൂരിലെത്തി ചുമതലയേൽക്കുന്നത്. പ്രതിയെ ദേവികൂളം കോടതിയിൽ ഹാജരാക്കും. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് സന്ദീപ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി.എസ്. സജീവ്, കെ.കെ. രാജൻ, അനന്ത പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘാണ് പ്രതിയെ പിടികൂടിയത്. കെണി വച്ച കൂട്ടിൽ കണ്ടെത്തിയ മുള്ളൻ പന്നിയെ വെറ്റിനറി ഡോക്ടറെത്തി വൈദ്യപരിശോധന നടത്തി.