 
കട്ടപ്പന: രാജ്യാന്തര അസ്‌ട്രോണമിഅസ്‌ട്രോ ഫിസിക്‌സ് മത്സരത്തിൽ കട്ടപ്പന സ്വദേശിക്ക് ശ്രദ്ധേയ വിജയം. കട്ടപ്പന കൊച്ചുതോവാള ഈയ്യപ്പാട്ട് മിഥുൻ മോഹനനാ(17) ണ് ജൂനിയർ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർഥികൾ ഐ.എ.എ.സി. ഓൺലൈനായി നടത്തിയ മത്സരത്തിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി പങ്കെടുത്തു. ഇവരിൽ മുൻപന്തിയിലെത്താൻ ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായ മിഥുന് കഴിഞ്ഞു.
ജ്യോതിശാസ്ത്രത്തിലെ നൈപുണ്യവും അറിവും പങ്കുവയ്ക്കാനുള്ള അവസരമാണ് മത്സരത്തിലൂടെ നൽകുന്നത്. പുരസ്‌കാരങ്ങൾക്ക് പുറമേ രാജ്യത്തെ ഐ.എ.എ.സി. അംബാസഡർ ആകാനുള്ളവരുടെ പട്ടികയിലും മിഥുൻ ഇടംപിടിച്ചു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾ ജൂനിയർ വിഭാഗത്തിലും ബിരുദ ബിരുദാനന്തര ബിരുദ വിദ്യാർഥികൾ സീനിയർ വിഭാഗത്തിലുമാണ് മത്സരിച്ചത്. രണ്ടുഘട്ടങ്ങളിലായി നടന്ന പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഇടയ്ക്ക് ഇന്റർനെറ്റ് തകരാറിലായെങ്കിലും കൃത്യസമയത്ത് മത്സരം പൂർത്തീകരിച്ചു. കഴിഞ്ഞ പ്ലസ് വൺ പരീക്ഷയിൽ മിഥുൻ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി 98 ശതമാനം മാർക്കോടെ വിജയിച്ചിരുന്നു. ഈയ്യപ്പാട്ട് മോഹനൻസിന്ധു ദമ്പതികളുടെ മകനാണ്. ഏക സഹോദരൻ നവീൻ.