തൊടുപുഴ : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെട്ട സ്വർണ്ണക്കള്ളക്കടത്ത് കേസും സർക്കാരിന്റെ അഴിമതിയും സി.ബി.ഐ. അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്. എം.പിമാർ, എം.എൽ.എ.മാർ യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻമാർ, കൺവീനർമാർ, യു.ഡി.എഫ്. നേതാക്കൾ എന്നിവർ നേതൃത്വം നൽകുന്ന 'സ്പീക്ക് അപ്പ് കേരള' സത്യാഗ്രഹം ഇന്ന് നടക്കും..
കൊവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചുകൊണ്ട് നേതാക്കൾ അവരവരുടെ വീടുകളിലോ ഓഫീസുകളിലോ ആയിരിക്കും സത്യാഗ്രഹം അനുഷ്ടിക്കുന്നത്. രാവിലെ 9 ണിമുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും സത്യാഗ്രഹം.
സത്യാഗ്രഹ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൽ വാസ്‌നിക് സൂമിലൂടെ ഉദ്ഘാടനം ചെയ്യും. ഒരു മണിക്ക് സമാപനം സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും.
ജില്ലയിൽ കേരള കോൺഗ്രസ് എം ചെയർമാൻ പി. ജെ. ജോസഫ് എം.എൽ.എ തൊടുപുഴയിലെ പാർട്ടി ഓഫീസിലും ഡീൻ കുര്യാക്കോസ് എം.പി , യുഡിഫ് ജില്ല ചെയർമാൻ എസ്.അശോകൻ എന്നിവർ തൊടുപുഴ രാജീവ് ഭവനിലും, ഡിസിസി ആസ്ഥാനമായ ഇടുക്കി ജവഹർ ഭവനിൽ പ്രസിഡന്റ് അഡ്വ ഇബ്രാഹിം കുട്ടി കല്ലാറും സത്യാഗ്രഹംഅനുഷ്ടിക്കും.