കൊവിഡ് സ്ഥിരീകരിച്ചവരിൽ പ്രസിഡന്റിന്റെ ഭാര്യയും പഞ്ചായത്ത് വാഹന ഡ്രൈവറും

ഏലപ്പാറ : പഞ്ചായത്ത് പ്രസിഡന്റിനും ഭാര്യയ്ക്കും പഞ്ചായത്ത് ഡ്രൈവർക്കും
കൊവിഡ് 19 സ്ഥിരീകരിച്ചു . കഴിഞ്ഞ ദിവസം ടാക്‌സി ഡ്രൈവർ , വ്യാപാരി , വിദേശ മലയാളി
എന്നിവർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഏലപ്പാറ ടൗൺ ഉൾപ്പെടുന്ന
പ്രദേശം കണ്ടെൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിരുന്നു . രോഗത്തിന്റെ ഉറവിടം
അറിയാത്ത ഡ്രൈവർ , വ്യാപാരി എന്നിവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കാൻ
ആരോഗ്യ വകുപ്പ് തയ്യാറെടുക്കുന്നതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റിനടക്കം രോഗം സ്ഥിരീകരിച്ചത് . പ്രസിഡന്റ് കഴിഞ്ഞ
ദിവസങ്ങളിൽ ഓഫീസിലും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും ബാങ്കുകളിലും ,
പൊതു ഇടങ്ങളിലും പല കാര്യങ്ങൾക്കുമായി ബന്ധപ്പെട്ടിരുന്നു . മിക്ക
സ്ഥലങ്ങളിലും ഇദ്ദേഹത്തോടൊപ്പം ഡ്രൈവറും ഉണ്ടായിരുന്നു . ഇവരുടെ സമ്പർക്ക
പട്ടിക തയ്യാറാക്കുന്നത് ഏറെ ശ്രമകരമാണ് . ഇവരുമായി ഏതെങ്കിലും തരത്തിൽ
സമ്പർക്കമുള്ളവർ സ്വയം നിയന്ത്രണത്തിൽ കഴിയണമെന്നും എന്തെങ്കിലും
രോഗലക്ഷണം ഉണ്ടായാൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും
ആരോഗ്യ വകുപ്പ് നിർദേശം
നൽകി . മുൻപ് രോഗം സ്ഥിരീകരിച്ചവർ വഴി സമൂഹവ്യാപനം ഉണ്ടോ എന്ന്
പഠിക്കാൻ ഏലപ്പാറ ആശുപത്രി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ്
പ്രസിഡന്റ് ഉൾപ്പെടെ ഉള്ളവരുടെ രോഗവിവരം വ്യക്തമായത് . ഡ്രൈവർ വളകോട്
സ്വദേശിയായതിനാൽ ഉപ്പുതറയിലെ ആരോഗ്യ പ്രവർത്തകരും ആശങ്കയിലാണ് .