മുട്ടം: കൊവിഡ് രോഗ വ്യാപനത്തിന്റെ വിലക്കുകളും നിയന്ത്രണങ്ങളും വക വെക്കാതെ മലങ്കര ടൂറിസം ഹബ്ബിലേക്ക് ജനങ്ങൾ കൂട്ടമായി എത്തുന്നു. എന്നാൽ കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഹബ്ബിലെ ജീവനക്കാർ ആരെയും അകത്തേക്ക് കടത്തി വിടാതെ കർശനമായ നിലപാട് സ്വീകരിക്കുന്നതിനാൽ പ്രവേശന കവാടം വരെ എത്തി ജനം തിരികെ പോവുകയാണ്. ടൂറിസം ഹബ്ബിലേക്ക് എത്തുന്നവരെ അകത്തേക്ക് കടത്തി വിടാൻ തയ്യാറാകാത്തതിൽ ഇവിടെ എത്തുന്നവരിൽ ചിലർ ജീവനക്കാരോട് കയർത്ത് സംസാരിക്കുന്നുമുണ്ട്. മറ്റുള്ള സ്ഥലങ്ങളിലേക്ക് പോകുന്നവരും മലങ്കര ടൂറിസം ഹബ്ബിലേക്ക് മാത്രമായി എത്തുന്നവരുമുണ്ട്. ചിലർ കുടുംബ സമേതമായിട്ടും മറ്റ് ചിലർ സുഹൃത്തുക്കളുമായി കൂട്ടത്തോടെയുമാണ് ഇവിടേക്ക് എത്തുന്നത്. ഹബ്ബിലേക്ക് പ്രവേശിക്കാൻ കഴിയാതെ തിരികെ പോരുന്നവരിൽ ചിലർ കാറുകളിലും റോഡരുകിലുമായിട്ടും മദ്യപാനം നടത്തുന്നുമുണ്ട്. കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി മലങ്കര ഉൾപ്പെടെയുള്ള മുഴുവൻ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ജനങ്ങൾ പ്രവേശിക്കുന്നതിന് കേന്ദ്ര - സംസ്ഥാന സർക്കാരുകളും ജില്ലാ ഭരണ കൂടവും കർശനമായ വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിൽ ചിലർ പ്രവർത്തിക്കുന്നത്.