കട്ടപ്പന: കട്ടപ്പനയിൽ കുടുംബശ്രീ ജനകീയ ഹോട്ടലിനു പുറമേ അഞ്ച് ഹോട്ടലുകൾക്കും ലൈസൻസില്ല. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ഒത്താശയോടെയാണ് ഇവ പ്രവർത്തിച്ചുവരുന്നത്. ഉദ്യോഗസ്ഥർ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നു വ്യാപാരികൾക്കിടയിൽ നേരത്തെ ആക്ഷേപമുണ്ട്. നഗരത്തിലെ ചില വ്യാപാര സ്ഥാപനങ്ങൾ ഒഴിവാക്കി മറ്റിടങ്ങളിൽ മാത്രം പരിശോധന നടത്തുന്നതായും ആരോപണമുയർന്നിരുന്നു. കൊവിഡ് രോഗികൾക്ക് ചെള്ള് നിറഞ്ഞതും പഴകിയതുമായ ഭക്ഷണം നൽകിയ കുടുംബശ്രീ ഹോട്ടലിനെ, കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രത്തിന്റെ ചുമതലയിൽ നിന്നു കളക്ടർ നീക്കിയിരുന്നു. തുടർച്ചയായി മോശം ഭക്ഷണം നൽകിയ നടത്തിപ്പുകാർക്കെതിരെ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചിട്ടില്ല. നിലവിൽ ചികിത്സ കേന്ദ്രത്തിൽ ഭക്ഷണ വിതരണത്തിനു ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു സ്ഥാപനത്തിനു ചുമതല നൽകാൻ കളക്ടർ എച്ച്. ദിനേശൻ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെയാണ് അഞ്ച് ഹോട്ടലുകളും ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന വിവരം പുറത്തുവരുന്നത്. ലൈസൻസിന് അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാലാണ് ഇവർക്ക് ലൈസൻസ് നൽകാത്തത്. എന്നാൽ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയതിൽ പ്രതിഷേധം ശക്തമാണ്.