mmmani

ഇടുക്കി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് ജാഗ്രതക്കുറവ് ഉണ്ടാകരുതെന്ന് മന്ത്രി എം.എം.മണി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കളക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുനിരത്തിൽ ജനത്തിരക്കേറിയിട്ടുണ്ട്. അത് അപകടകരമാണ്. കൊവിഡ് രോഗവ്യാപനം തടയുവാൻ നിയന്ത്രണങ്ങളും നിയമങ്ങളും കർശനമാക്കണം. തമിഴ്‌നാട്ടിൽ നിന്നുള്ള വരവ് നിയന്ത്രിച്ചിട്ടുണ്ട്. പഞ്ചായത്ത്, വാർഡ് തലങ്ങളിൽ ജനപ്രതിനിധികളെയും രാഷ്ട്രീയ, ഇതര സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജാഗ്രതാ യോഗം ചേർന്ന് ജനങ്ങളെ ബോധവത്ക്കരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താഴേതലങ്ങളിൽ കാര്യക്ഷമമാക്കണം. രോഗപ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ നിയമം നടപ്പിലാക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താഴേത്തട്ടിൽ കാര്യക്ഷമമാക്കുന്നതിനായി സർവ്വകക്ഷി യോഗം ചേരുന്നതിന്അവലോകന യോഗം തീരുമാനിച്ചു.

54 ഫസ്റ്റ് ലൈൻ സെന്ററുകൾ,

5606 ബെഡുകൾ

ജില്ലയിൽ ഇടമലക്കുടി ഒഴികെയുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും കൊവിഡ് ഫസ്റ്റ് ലൈൻ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ 54 സെന്ററുകളിലായി 5606 ബെഡുകൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിൽ ഇപ്പോൾ രോഗബാധിതരെ പ്രവേശിപ്പിക്കുവാൻ തക്കവിധം പൂർണ്ണമായും സജ്ജീകരിച്ച 3114 ബെഡുകളിൽ 230 എണ്ണത്തിൽ മാത്രമാണ് രോഗികളുള്ളത്. രണ്ട് കോവിഡ് ആശുപത്രികളിലായി 632 ബെഡുകളുള്ളതിൽ പകുതി എണ്ണത്തിൽ മാത്രമാണ് ഇപ്പോൾ രോഗബാധിതരുള്ളത്.
മുൻകരുതൽ എന്ന നിലയിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ സെമിക്രിട്ടിക്കൽ രോഗികളുടെ അടിയന്തിര ചികിത്സയ്ക്കായി 10 ബെഡുകൾ ക്രമീകരിച്ചിട്ടുണ്ട്. നിലവിൽ ഇടുക്കി മെഡിക്കൽ കോളേജിലാണ് ഐ സി യു, വെന്റിലേറ്റർ സൗകര്യമുള്ളത്.

കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ ഓരേ മെനുവിൽ ഭക്ഷണം നൽകാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ യോഗത്തിൽ അറിയിച്ചു. കൊവിഡ് രോഗികളെ കിടത്തി ചികിത്സയില്ലാത്ത ആശുപത്രികളിൽ ജനറൽ ഒ.പി .വിഭാഗം പൂർണ്ണമായും പ്രവർത്തിക്കും. ഈ മാസം 15 ഓടെ ഇടുക്കി മെഡിക്കൽ കോളേജിലെ എല്ലാ വിഭാഗം ഒ.പിയും പുതിയ ബ്ലോക്കിലേയ്ക്ക് മാറ്റിക്കൊണ്ട് ജനങ്ങൾക്ക് ചികിത്സ ഉറപ്പാക്കും. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കുവാൻ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രത്യേകമായി ഫോറൻസിക് സർജനെ ചുമതലപ്പെടുത്തും.
മാർക്കറ്റുകൾ

അണുവിമുക്തമാക്കും

മാർക്കറ്റുകളിൽ ഇതര സംസ്ഥാനത്തു നിന്നും എത്തുന്ന ലോഡുകൾ നിശ്ചിത സമയത്ത്, നിശ്ചിത സ്ഥലത്ത് ഇറക്കി മടങ്ങാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. തൊടുപുഴയിൽ ഇത്തരത്തിൽ ലോഡ് ഇറക്കി വാഹനം പോയ ശേഷം മാർക്കറ്റ് പൂർണ്ണമായും അണുവിമുക്തമാക്കിയ ശേഷമാണ് രാവിലെ മറ്റ് വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നത്.

പങ്കെടുത്തവർ

എം.എൽ.എമാരായ റോഷി അഗസ്റ്റ്യൻ, എസ്.രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, കോവിഡ് കെയർ സെന്റർ സ്‌പെഷ്യൽ ഓഫീസർ പ്രേംകൃഷ്ണൻ, അസിസ്റ്റന്റ് കളക്ടർ സൂരജ് ഷാജി, എസ്.പി. ആർ. കറുപ്പസ്വാമി, എ ഡി എം ആന്റണി സ്‌കറിയ, ഡി എം ഒ ഡോ.എൻ.പ്രിയ, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.അബ്ദുൾ റഷീദ്, സൂപ്രണ്ട് ഡോ. എസ്.എൻ.രവികുമാർ, ഡി പി എം ഡോ. സുജിത്ത് സുകുമാരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.സതീഷ് കുമാർ ഡിവൈഎസ്പിമാർ, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. അഡ്വ.ഡീൻ കുര്യാക്കോസ് എം.പി, ഇ.എസ്.ബിജിമോൾ എം.എൽ.എ, തഹസീൽദാർമാർ തുടങ്ങിയവർ ഒൺലൈനായും യോഗത്തിൽ പങ്കു ചേർന്നു.