തൊടുപുഴ: റോഡോ പാലമോ ഇല്ലാതെ ഉപ്പുതുറ പൊരികണ്ണിയിൽ ഒറ്റപ്പെട്ട് പോയ 150 ഓളം കുടുംബങ്ങൾക്ക് സഞ്ചരിക്കാൻ അടിയന്തിരമായി പാലം നിർമ്മിക്കണമെന്ന ആവശ്യം പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ കളക്ടർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്. ചികിത്സാ സൗകര്യം പോലുമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് പ്രദേശവാസികൾ. സഞ്ചാരയോഗ്യമായ റോഡോ പാലമോ ഇല്ലാത്തതാണ് കാരണം. ഇവർക്ക് ടൗണിൽ എത്തണമെങ്കിൽ അൻപത് വർഷം മുമ്പ് നിർമ്മിച്ച മൺപാതയാണ് ഏക ആശ്രയം. കാലവർഷം കനത്തത്തോടെ മൺപാതയിലൂടെയുള്ള യാത്ര സാദ്ധ്യമല്ലാതായി. മുമ്പ് കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിയിലെ ആലടിയിലൂടെ യാത്ര ചെയ്യാമായിരുന്നു. എന്നാൽ 2018 ലെ പ്രളയത്തിൽ ആലടി പാലം ഒലിച്ചു പോയി. അടിയന്തിര സാഹചര്യത്തിൽ പെരിയാർ മുറിച്ചു കടക്കാൻ ഒരു ചങ്ങാടമാണ് ഉപയോഗിച്ചിരുന്നത്. കാലവർഷം വന്നതോടെ ഇതിനും കഴിയാതെയായി. അടിയന്തിരമായി ഒരു പാലമോ റോഡോ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാട സ്വാമി സമർപ്പിച്ച പരാതിയിലാണ് നടപടി.