തൊടുപുഴ :കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ആയുഷ് ഡോക്ടർമാരെ നിയോഗിക്കുമ്പോൾ സർക്കാർ ആയുർവേദ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കേരള സ്റ്റേറ്റ് ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു .ഭാരതീയ ചികിത്സ വകുപ്പിനു കീഴിലുള്ള സർക്കാർ ആയുർവേദ ഡിസ്‌പെൻസറികളിൽ ഒരു ഡോക്ടർ ഉൾപ്പടെ പരിമിതമായ ജീവനക്കാർ മാത്രമുള്ളതിനാൽ ഇത് കോവിഡ് പ്രതിരോധ പുനരധിവാസ പദ്ധതികളെ പ്രതികൂലമായി ബാധിക്കും. മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ , ജീവിത ശൈലീ രോഗ നിയന്ത്രണം, പാലിയേറ്റീവ് പരിചരണം,വയോജന ചികിത്സാ പദ്ധതികൾ എന്നിവകൾക്ക് തടസ്സം വന്ന് വിവിധ അസുഖങ്ങൾക്ക് ദിവസേന ആശ്രയിക്കുന്ന അനേകം രോഗികളെ ബുദ്ധിമുട്ടിലാക്കുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കൊവിഡ് പോസിറ്റീവ് ആകുന്നവർക്കും ആയുർവേദ മരുന്നുകൾ നൽകാൻ അനുവദിക്കണമെന്നും ഗുതതര രോഗ ലക്ഷണങ്ങളില്ലാത്തവരെ വീട്ടിൽ നിരീക്ഷണത്തിലാക്കാനുള്ള തീരുമാനം വ്യാപകമാക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ: ആർ കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ.വി.ജെ. സെബി , ജോയിന്റ് സെക്രട്ടറി ഡോ: എം.എസ്. നൗഷാദ് , ജില്ലാ പ്രസിഡന്റ് ഡോ: കെ.എസ്. സിംല, സെക്രട്ടറി ഡോ: ജിനേഷ് ജെ മേനോൻ എന്നിവർ പറഞ്ഞു.