sunil

മുട്ടം: കച്ചവട സ്ഥാപനങ്ങളിലേക്ക് സാധന സാമഗ്രികൾ എത്തിച്ച് നൽകാം എന്ന് പറഞ്ഞ് വിവിധ സ്ഥലങ്ങളിലെ സ്ഥാപന ഉടമകളെ കബളിപ്പിച്ച് പണപ്പിരിവ് നടത്തി വന്നിരുന്ന കോട്ടയം അയ്മനം പുത്തൻപറമ്പിൽ സുനിലിനെ (63) മുട്ടം എസ് ഐ പി എസ് ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടി കൂടി. മുട്ടത്ത് വ്യാപാര സ്ഥാപനത്തിൽ എത്തിയ ഇയാൾ സ്ഥാപന ഉടമയോട് സംസാരിക്കവെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്ഥാപന ഉടമ അടുത്ത കടക്കാരനെ വിവരം അറിയിക്കുകയും ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്റെ കടയിൽ വന്ന് സാധന സാമഗ്രികൾ എത്തിച്ച് നൽകാം എന്ന് പറഞ്ഞ് പോയ ആളാണെന്ന് അടുത്ത കടക്കാരൻ ഇയാളെ തിരിച്ചറിയുകയും ചെയ്തു. സ്ഥാപന ഉടമകൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് ഇയാളെ പിടി കൂടുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് മുട്ടത്ത് വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഇയാൾ പണപ്പിരിവ് നടത്തിയിരുന്നതായി വ്യാപാരികൾ പറഞ്ഞു. പൊതു ശല്യം വകുപ്പ് പ്രകാരം ഇയാൾക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.