തൊടുപുഴ: ഒരാഴ്ച മുമ്പ് കുഞ്ചിത്തണ്ണിയിൽ മയിൽ വെടിയേറ്റ് ചത്തതിന് പിന്നാലെ തൊടുപുഴ നഗരത്തിലെ പുരയിടത്തിൽ മയിലിനെ ചത്തനിലയിൽ കണ്ടെത്തി. ആനക്കൂട് സരസ്വതീ സ്‌കൂളിന് സമീപമുള്ള കിഴക്കേതിൽ കെ.ആർ.ശ്രീവത്സന്റെ പറമ്പിലാണ് ഇന്നലെ ഒരു വയസോളം പ്രായമുള്ള ആൺമയിലിന്റെ ജഡം കണ്ടത്. വീട്ടുകാർ ഉടൻതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് അറക്കുളം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഇ.ബി.ഷാജുമോന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജില്ലാ മൃഗാശുപത്രിയിലെ സീനിയർ വെറ്റനറി സർജൻ വി.ആർ. രാജേഷെത്തി പോസ്റ്റ്‌മോർട്ടം നടത്തി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം ഏറ്റുവാങ്ങി അറക്കുളം സെക്ഷൻ ആഫീസിന് സമീപം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുകയായിരുന്നു. ദേശീയപതാക പുതപ്പിച്ച് സല്യൂട്ട് നൽകിയാണ് ദേശീയപക്ഷിക്ക് യാത്രാമൊഴി നേർന്നത്. മയിലിന്റെ ശരീരത്തിൽ പ്രത്യക്ഷത്തിൽ മുറിവുകളൊന്നുമുണ്ടായിരുന്നില്ല. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു. ജൂലായ് 27ന് കുഞ്ചിത്തണ്ണി ദേശീയം മൂലക്കടയിലും മയിലിനെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.