നെടുങ്കണ്ടം: നെടുങ്കണ്ടത് കൊവിഡ് ബാധിച്ച മരിച്ച വീട്ടമ്മ ഏലിക്കുട്ടി ദേവസ്യയുടെ (58)​ സമ്പർക്കപ്പട്ടികയിൽ നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളിലായി 269 പേർ. ഇതിൽ 54 പേർ രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടവരാണ്. വീട്ടമ്മ ചികിത്സ തേടിയ തൂക്കുപാലത്തെ ആശുപത്രി ആരോഗ്യ വകുപ്പും പൊലീസും ചേർന്ന്
അടപ്പിച്ചിരുന്നു. ആശുപത്രിയിലെ ഡോക്ടറും മുഴുവൻ ജോലിക്കാരും
നിരീക്ഷത്തിലാണ്. രോഗിയെ ആശുപത്രിയിൽ എത്തിച്ച ബന്ധുക്കൾ രണ്ട് തവണ
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിയതിനെ തുടർന്ന് രണ്ട് പൊലീസുകാരും
നിരീക്ഷണത്തിലണ്. വീട്ടമ്മയുമായി സമ്പർക്കം പുലർത്തിയ ബന്ധുക്കൾ, മരണ സമയം ആശുപത്രിയിൽ എത്തിയ ആട്ടോറിക്ഷ ഡ്രൈവർമാർ എന്നിവരെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. സമ്പർക്ക പട്ടിക പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കരുണാപുരംപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിലും പാമ്പാടുംപാറ പഞ്ചായത്തിലെ നാലാം വാർഡിലും ആരോഗ്യ വകുപ്പ് വിവര ശേഖരണം നടത്തിവരികയാണ്.
കഴിഞ്ഞ 25 നാണ് പനിയും ശ്വാസംമുട്ടലും വഷളായതിനെ തുടർന്നാണ് ഏലികുട്ടി
ആശുപത്രിയിൽ ചികിത്സ തേടിയത്. അസുഖം കുറയാത്തതിനെ തുടർന്ന് 26നും 27നും ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ 23, 24 തീയതികളിൽ മറ്റൊരു കൊവിഡ് രോഗിയും ചികിത്സതേടി ആശുപത്രിയിൽ എത്തി. ഇതോടെ ആശുപത്രി ഉടമയായ ഡോക്ടറോടും രണ്ട് നേഴ്‌സമാരോടും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിരീക്ഷണത്തിൽ ഇരുന്ന ഡോക്ടർ 26ന് ഏലിക്കുട്ടിയെ പരിശോധിച്ചതായാണ് വിവരം.

പ്രദേശവാസികൾ ആശങ്കയിൽ

വീട്ടമ്മയുടെ മരണം കൊവിഡ് ബാധിച്ചാണെന്ന് അറിഞ്ഞതോടെ പ്രദേശവാസികൾ ആശങ്കയിലായി. രോഗലക്ഷണങ്ങളുണ്ടെന്ന് ഭയന്ന് മേഖലയിൽ നിന്ന് ഇന്നലെ ആരോഗ്യ
പ്രവർത്തകരെ ഫോണിൽ വിളിച്ചവർ 38 പേർ. കൊവിഡ് ഫലം വരുന്നതിന് മുമ്പ്
സംസ്‌കാര സമയം നിശ്ചയിച്ചതിനെ തുടർന്ന് നിരവധിപ്പേർ വീട്ടിൽ എത്തിയിരുന്നു.
ഇവർക്ക് ഫോണിലൂടെ കൗൺസിലിംഗ് നൽകാനുള്ള ഒരുക്കത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതർ.