തൊടുപുഴ: കൈതക്കോട് മൺതിട്ടയിടിഞ്ഞ് രണ്ട് വീടുകൾ അപകടാവസ്ഥയിൽ. നഗരസഭ ആറാം വാർഡിൽ മാറാട്ടികുന്നേൽ ഷഹനാസ് ഇസ്‌മെയിൽ, പടത്തിനാട്ടിൽ സഫിയ നാസർ എന്നിവരുടെ വീടിന് പിന്നിലാണ് 15 അടിയിലധികം ഉയരമുള്ള തിട്ടയിടിയുന്നത്. ഞായാറാഴ്ച രാത്രി ഏഴ് മണിയോടെയാണ് മൺ തിട്ടയിടിയാൻ ആരംഭിച്ചത്. വീടുകൾക്ക് നിലവിൽ കാര്യമായ നാശമില്ലെങ്കിലും എപ്പോൾ വേണമെങ്കിലും വലിയ അപകടത്തിന് ഇവിടെ സാദ്ധ്യതയുണ്ട്. തിട്ടയുടെ മുകളിൽ റബർ തോട്ടമാണ്. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന അറിയിപ്പ് നിലവിലുണ്ട്. ഇവിടെ വീണ്ടും മണ്ണിടിയാൻ സാദ്ധ്യതയുള്ളതിനാൽ രണ്ട് വീട്ടുകാരും ബന്ധുവീടുകളിലേക്ക് താമസം മാറിയിരിക്കുകയാണ്.