തൊടുപുഴ: മലങ്കര ജലാശയത്തിലെ ആറ് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ജൂലായ് 29 മുതൽ എല്ലാ ഷട്ടറുകളും നിയന്ത്രിത അളവിൽ ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായതോടെയാണ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിന് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിച്ചത്.
ആകെ ആറ് ഷട്ടറുകളാണ് മലങ്കര ജലാശയത്തിനുള്ളത്. 42 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. 38.86 മീറ്ററാണ് മലങ്കരയിലെ ഇപ്പോഴത്തെ ജലനിരപ്പ്.
വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാൽ വിവിധ തോടുകളും പുഴകളും നിറഞ്ഞൊഴുകി മലങ്കര ജലാശയത്തിലേക്കാണ് എത്തുന്നത്. ഇത് കൂടാതെ മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദന ശേഷം പുറന്തള്ളുന്ന വെള്ളവും ഇവിടേക്കെത്തുന്നുണ്ട്.
മുൻ വർഷങ്ങളിൽ ജലനിരപ്പ് പരമാവധിയോടടുത്ത ശേഷമാണ് വെള്ളം തുറന്ന് വിട്ടിരുന്നത്. ഇത് തൊടുപുഴ, മൂവാറ്റുപുഴ ഉൾപ്പെടെ വിവിധ ഭാഗങ്ങളിലെ ജനവാസ മേഖലകളിൽ ജലനിരപ്പ് ഉയരുന്നതിനിടയാക്കി. ഈ സാഹചര്യം ഒഴിവാക്കുന്നതിനായി കഴിഞ്ഞ രണ്ട് മാസമായി മലങ്കര ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുകയാണ്.
തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടുന്നതിനാൽ മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന്
എം.വി.ഐ.പി. (മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്ട് ) അധികൃതർ അറിയിച്ചു.